| Thursday, 16th November 2017, 8:42 am

ഗോഡ്‌സയെ തൂക്കിലേറ്റിയ ദിനത്തില്‍ ഗ്വാളിയോറില്‍ ക്ഷേത്രം സ്ഥാപിച്ച് ഹിന്ദു മഹാസഭ; നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസെടുക്കണമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗ്വാളിയാര്‍: മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദുമഹാസഭ ആരാധന തുടങ്ങി. ഹിന്ദുമഹാ സഭയുടെ ഗ്വാളിയാറിലുള്ള ഓഫീസിലാണ് പ്രതിമ സ്ഥാപിച്ച് ആരാധന തുടങ്ങിയത്. ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ പതിനഞ്ചിന് തന്നെയാണ് മഹാസഭ പ്രതിമ സ്ഥാപിച്ച് ആരാധന തുടങ്ങിയത്.

ഗ്വാളിയോര്‍ നഗരത്തിലെ ദൗലത്ഗഞ്ച് മേഖലയിലെ ഓഫീസില്‍ 32 ഇഞ്ച് ഉയരമുള്ള പ്രതിമയാണ് ആരാധനക്കായി സ്ഥാപിച്ചിട്ടുള്ളത് ഹിന്ദു മഹാസഭയുടെ ദേശീയ വൈസ് പ്രസിഡന്റ് ജെയ്വിര്‍ ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്. ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പ്രതിഷ്ഠയും പഞ്ചഗവ്യം പ്രസാദമായി നല്‍കുകയും ചെയ്തു.

നവംബര്‍ ഒമ്പതിന് ഗോഡ്‌സെയ്ക്ക് ക്ഷേത്രം നിര്‍മിക്കാന്‍ മഹാസഭ ജില്ലാ ഭരണകൂടം അനുമതി തേടിയിരുന്നതായി ഭരദ്വാജ് അറിയിച്ചു. ഇപ്പോള്‍ താല്‍ക്കാലികമായി ഓഫീസില്‍ ക്ഷേത്ര പ്രതിഷ്ഠ നടന്നതാണെന്നും പിന്നീട് ഗോഡ്‌സേയുടെ പേരില്‍ ക്ഷേത്രം നിര്‍മിക്കുമെന്നും ഭരദ്വാജ് പ്രസ്ഥാവിച്ചു.


Also Read അര്‍ധരാത്രി വനിതാ ഹോസ്റ്റലിനു മുന്നില്‍ എസ്.ഐയെ കണ്ട സംഭവം; മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ അമ്മയുടെ സമരപന്തല്‍ പൊളിച്ചുനീക്കി പൊലീസ് അതിക്രമം


ഹിന്ദു മഹാസഭയുടെ ഈ നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാജ്യദ്രോഹകുറ്റത്തിന് കേസ് രജിസ്ട്രര്‍ ചെയ്യണമെന്നും കോണ്‍്ഗ്രസ് ആവശ്യപ്പെട്ടു. ഒരു ഭാഗത്ത് ബാപ്പുവിന്റ പ്രതിമ കത്തിക്കുന്നു മറ്റൊരു ഭാഗത്ത് ബാപ്പുവിനെ കൊന്നയാളുടെ ക്ഷേത്രം സ്ഥാപിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സമയത്ത് അവരുടെ ആശയങ്ങളുമായി സാമ്യമുള്ളവര്‍ തലപൊക്കുകയാണെന്ന് സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷ നേതാവ് അജയ് സിംഗ് ആരോപിച്ചു.

ഇത്തരത്തില്‍ രാജ്യദ്രോഹ പരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഒരു മടിയും കൂടാതെ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയും ആവശ്യപ്പെട്ടു.

എന്നാല്‍ ഈ വിഷയത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപീന്ദ സിംഗ് പ്രസ്താവിച്ചത്. മഹാത്മാ ഗാന്ധിയുടെ പാരമ്പര്യം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതാണെന്ന് കരുതരുതെന്നും നിയമം ലംഘിച്ച് ഹിന്ദുമഹാസഭ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് ബി.ജെ.പി നിലപാട്.

We use cookies to give you the best possible experience. Learn more