| Monday, 2nd December 2024, 9:27 am

ഉത്തര്‍പ്രദേശ് ശംസി ഷാഹി മസ്ജിദില്‍ ക്ഷേത്രമുണ്ടെന്ന ഹിന്ദുമഹാസഭയുടെ വാദം; കേസ് നാളെ പരിഗണിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുദൗണിലെ ശംസി ഷാഹി മസ്ജിദിലും ക്ഷേത്രമുണ്ടെന്ന ഹിന്ദുമഹാസഭയുടെ ഹരജിയുടെ അടിസ്ഥാനത്തിലുള്ള തുടര്‍വാദം കോടതി നാളെ പരിഗണിക്കും. ബുഡൗണിലെ ഫാസ്റ്റ് ട്രാക്ക് കോടതിയുടെ പരിഗണനയിലാണ് കേസ്.

രാജ്യത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പള്ളിയായ ശംസി ഷാഹി മസ്ജിദില്‍ നീലകണ്ഠ മഹാദേവ ക്ഷേത്രമുണ്ടെന്ന് കാണിച്ച് 2022ല്‍ രജിസ്റ്റര്‍ ചെയ്ത ഹരജി സജീവമാകുന്നത് ഇപ്പോഴാണെന്നാണ് റിപ്പോര്‍ട്ട്.

നീലകണ്ഠ മഹാദേവ ക്ഷേത്രം പൊളിച്ചാണ് ഷാഹി മസ്ജിദ് നിര്‍മിച്ചതെന്നാണ് അഖില ഭാരതീയ ഹിന്ദുമഹാസഭ നല്‍കിയ ഹരജിയില്‍ പറയുന്നത്. പള്ളിയില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്നും സര്‍വേ നടത്താന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ പറയുന്നു.

കേസില്‍ മസ്ജിദ് ഇന്‍തെസാമിയ കമ്മിറ്റിയുടെ അഭിഭാഷകരുടെ വാദം കേട്ട കോടതി തുടര്‍വാദം ഡിസംബര്‍ മൂന്നിന് പരിഗണിക്കുമെന്ന് ഉത്തരവിടുകയായിരുന്നു.

മസ്ജിദിന് 850 വര്‍ഷത്തോളം പഴക്കമുണ്ടെന്നും അവിടെ ക്ഷേത്രമില്ലെന്നും ഈ വിഷയത്തില്‍ ഹിന്ദു മഹാസഭയക്ക് അവകാശവാദമുന്നയിക്കാന്‍ കഴിയില്ലെന്നും ഇന്‍തെസാമിയ കമ്മിറ്റി കോടതിയില്‍ വാദിച്ചു.

2022ല്‍ അന്നത്തെ അഖില ഭാരത ഹിന്ദുമഹാസഭ കണ്‍വീനര്‍ മുകേഷ് പട്ടേലാണ് മസ്ജിദ് ക്ഷേത്രമാണെന്നും ആരാധന നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സീനിയര്‍ ഡിവിഷന്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ഹരജി നല്‍കിയത്.

മസ്ജിദിനുള്ളില്‍ നീലകണ്ഠ മഹാദേവക്ഷേത്രം നിലവിലുണ്ടെന്നും പൂജ ചെയ്യാന്‍ അനുവദിക്കണമെന്ന് മറ്റൊരു ഹരജിക്കാരനായ അഭിഭാഷകന്‍ അരവിന്ദ് പാര്‍മലും അവകാശപ്പെട്ടിരുന്നു.

അതേസമയം ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവിട്ട പുരാവസ്തുവകുപ്പിന്റെ റിപ്പോര്‍ട്ടും കേസില്‍ സര്‍ക്കാരിന്റെ വാദവും ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.

രാജ്യത്ത് സംഭാലിലും ഗ്യാന്‍വ്യാപിയിലും അജ്മീറിലുമടക്കമുള്ള പള്ളികള്‍ക്കുള്ളില്‍ ക്ഷേത്രമുണ്ടെന്ന വാദവുമായി ഹിന്ദു സംഘടനകള്‍ ഹരജി സമര്‍പ്പിക്കുകയും ചര്‍ച്ചയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബുദൗണിലെ ശംസി ഷാഹിയും ചര്‍ച്ചയാവുന്നത്.

സമാനമായി മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച സംഭാല്‍ പള്ളിയിരിക്കുന്ന സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഹിന്ദു നേതാവും അഭിഭാഷകനുമായി വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് പ്രദേശിക കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിയിട്ടിരുന്നു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയും ആറ് പേര്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ മരണപ്പെടുകയും ചെയ്തിരുന്നു.

കൂടാതെ ഗ്യാന്‍വ്യാപി മസ്ജിദിലും സര്‍വേ വേണമെന്ന ഹരജി കൊണ്ടുവന്നിരുന്നു. മസ്ജിദ് നില്‍ക്കുന്നത് പഴയ ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ശിവലിംഗമുണ്ടെന്നും സര്‍വേ ആവശ്യമാണെന്നുമായിരുന്നു ഹിന്ദുവിഭാഗത്തിന്റെ ഹരജി. ഹരജി പരിഗണിക്കവേ രണ്ടാഴ്ചക്കകം മസ്ജിദ് കമ്മിറ്റിയോട് മറുപടി നല്‍കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.

ഈയടുത്താണ് അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെടുകയും അതിനാല്‍ ആരാധന ആരംഭിക്കാന്‍ നിര്‍ദേശം നല്‍ണമെന്നുമാവശ്യപ്പെട്ടാണ് ഹിന്ദു സംഘടന കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. അജ്മീര്‍ ദര്‍ഗയെ സങ്കട് മോചന്‍ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ദര്‍ഗയ്ക്ക് ഏതെങ്കിലും രജിസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Hindu Mahasabha claims that Uttar Pradesh Shamsi Shahi Masjid has a temple; The case will be heard tomorrow

We use cookies to give you the best possible experience. Learn more