ഭോപ്പാല്‍: നാഥുറാം ഗോഡ്സെക്ക് ആദരമര്‍പ്പിച്ച് ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭ. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ദൗലത്ഗഞ്ച് ഏരിയയിലുള്ള ഓഫീസിലാണ് രാഷ്ട്രപിതാവിന്റെ ഘാതകനെ തൂക്കിലേറ്റിയ ദിവസം സംഘടന ആദരമര്‍പ്പിച്ചത്.
‘നാഥുറാം ഗോഡ്സെ സിന്ദാബാദ്, ഗോഡ്സെ നീണാള്‍ വാഴട്ടെ’, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും ആരതി ഉഴിഞ്ഞുമായിരുന്നു പരിപാടി. ‘വിപ്ലവ നേതാവ്’ ഗോഡ്സെയുടെ സ്മരണയ്ക്കായി സംഘടന ബലിദാന്‍ ദിവസം ആചരിച്ചതായി ഹിന്ദു മഹാസഭ വക്താവ് അര്‍ച്ചന ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഇന്ന് ഒരു വിപ്ലവകാരിയുടെ രക്തസാക്ഷിത്വ ദിനമാണ്. നഗരത്തിലെ ഏതെങ്കിലും സ്‌ക്വയറുകളില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കണമെന്ന് മുനിസിപ്പല്‍ കമ്മീഷണറോട് ആവശ്യപ്പെടുന്നു,’ എന്നും ഹിന്ദു മഹാസഭ വക്താവ് പറഞ്ഞു.
പരിപാടിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഹിന്ദു മഹാസഭയുടെ പരിപാടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ അരുണ്‍ യാദവ് ആവശ്യപ്പെട്ടു.
‘മഹാത്മാഗാന്ധിയുടെ ഘാതകനായ രാജ്യത്തെ ആദ്യത്തെ തീവ്രവാദി നാഥുറാം ഗോഡ്സെയ്ക്ക് ഹിന്ദു മഹാസഭ ഒരിക്കല്‍ കൂടി ആദരമര്‍പ്പിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഈ ദേശവിരുദ്ധരെ തിരിച്ചറിയുകയും അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ശന നടപടി സ്വീകരിക്കുകയും വേണം,’ അദ്ദേഹം പറഞ്ഞു.
2017 നവംബര്‍ 15ന് ഗ്വാളിയോറിലെ ഓഫീസില്‍ ഹിന്ദു മഹാസഭ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചിരുന്നു, അത് പിന്നീട് ഭരണകൂടം നീക്കം ചെയ്യുകയായിരുന്നു.
ഹിന്ദു മഹാസഭ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ദുര്‍ഗാ പൂജയുടെ ഭാഗമായി സ്ഥാപിച്ച വിഗ്രഹവും വിവാദത്തിലായിരുന്നു. അസുര രാജാവായ മഹിഷാസുരനെ വധിക്കുന്ന ദുര്‍ഗാ ദേവിയുടെ ആരാധനാ പ്രതിമയില്‍ മഹിഷാസുരന് പകരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയോട് സാമ്യമുള്ള രൂപമാണ് ഹിന്ദു മഹാസഭ സ്ഥാപിച്ചത്.
ഗാന്ധി ജയന്തി ദിനത്തില്‍ സ്ഥാപിച്ച പ്രതിമയില്‍ അസുരന് പകരം വെച്ച രൂപത്തില്‍ മൊട്ടത്തലയും, വട്ട കണ്ണടയും, ധോത്തിയും ധരിച്ച വൃദ്ധനായ മനുഷ്യനെ (ഗാന്ധിയെ) ദുര്‍ഗാ ദേവി വധിക്കുന്നതായി കാണാം. സംഭവം വിവാദമായതോടെ രൂപത്തിലെ സാമ്യം യാദൃശ്ചികമാണെന്ന വാദവുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് നാഥൂറാം വിനായക് ഗോഡ്‌സെയുടെ ചിത്രവുമായി ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ സ്വാതന്ത്ര്യദിന റാലി നടത്തിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഹിന്ദു മഹാസഭ ജില്ലയില്‍ തിരംഗ യാത്ര സംഘടിപ്പിച്ചത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജില്ലയിലെ പ്രധാന നേതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു.
Content Highlight: Hindu Mahasabha celebrates the martyrdom day of Nathuram Godse in Gwalior