| Wednesday, 20th May 2020, 9:34 am

ഗോഡ്‌സെയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് ഹിന്ദു മഹാസഭ; ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധം പുകയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗ്വാളിയാര്‍: മധ്യപ്രദേശില്‍ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകി നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് ഹിന്ദു മഹാസഭ. ഗോഡ്‌സെയുടെ 111-ാം ജന്മദിനമാണ് ഗ്വാളിയാറിലെ ഓഫീസില്‍വെച്ച് ആഘോഷിച്ചത്. ഗോഡ്‌സെയുടെ ചിത്രത്തിന് മുന്നില്‍ 111 വിളക്കുകള്‍ കത്തിച്ചായിരുന്നു ആഘോഷം.

ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ഡോ ജയ്‌വീര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നെന്ന് ഭരദ്വാജ് പറഞ്ഞു. ഓഫീസില്‍ മാത്രമല്ല, 3000 പ്രവര്‍ത്തകര്‍ അവരുടെ വീടുകളിലും വിളക്കുകള്‍ കത്തിച്ച് ആഘോഷത്തില്‍ പങ്കാളികളാകുമെന്നും ദരദ്വാജ് അറിയിച്ചു.

വിഷയത്തില്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ ഹിന്ദു മഹാ സഭയ്ക്ക് ധൈര്യമുണ്ടായത് സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പി ആയതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് വക്താവ് ദുര്‍ഗേഷ് ശര്‍മ്മ കുറ്റപ്പെടുത്തി.

ഗാന്ധി ഘാതകന്റെ ജന്മദിനം ആഘോഷമാക്കിയ സംഭവം നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍ നാഥ്  പറഞ്ഞു. ‘നാഥുറാം ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കപ്പെടുന്നതും അദ്ദേഹത്തെ മഹത്വവല്‍ക്കരിക്കുന്നതും ഫോട്ടോയ്ക്ക് മുന്നില്‍ വിളക്കുകള്‍ തെളിയിച്ചതും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങളെന്ന് പ്രത്യേകം ഓര്‍ക്കണം. ഇത് ശിവരാജ് സിങ് സര്‍ക്കാരിന്റെ പരാജയമാണ്. കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ഗോഡ്‌സെയെയാണോ ഗാന്ധിയെയാണോ പ്രത്യയശാസ്ത്രപരമായി പിന്തുടരേണ്ടത് എന്ന് ബി.ജെ.പി സര്‍ക്കാര്‍ വ്യക്തമാക്കണം’, കമല്‍ നാഥ് ട്വീറ്റ് ചെയ്തു.

എന്നാല്‍, പരിപാടിയെക്കുറിച്ച് അറിയില്ലെന്നാണ് ഗ്വാളിയാര്‍ ജില്ലാ കളക്ടര്‍ പറയുന്നത്. ഗോഡ്‌സെയുടെ ജന്മദിനം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more