ആഗ്ര: താജ് മഹലില്‍ എല്ലാ വര്‍ഷവും നടന്നുപോരുന്ന ഉറൂസ് നിരോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് ഹിന്ദുമഹാസഭ. അതിനോടൊപ്പം ഉറൂസ് ദിവസം താജ് മഹലില്‍ സൗജന്യപ്രവേശനം നല്‍കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി ആറു മുതല്‍ എട്ടു വരെ ഉറൂസ് നടക്കാനിരിക്കെയാണ് ഹിന്ദുമഹാസഭ കേസ് നല്‍കിയത്. ആഗ്ര കോടതിയില്‍ നല്‍കിയ ഹരജി തിങ്കളാഴ്ച പരിഗണിക്കും.
ഹിന്ദു സംഘടനയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ട്, ഉറൂസിന് മുഗളന്മാരോ, ബ്രിട്ടീഷ് സര്‍ക്കാരോ, അല്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരോ അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വിവരാവകാശ നിയമ പ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഉറൂസ് സംഘാടക സമിതിക്ക് ഇത്തരമൊരു അനുമതി ലഭിച്ചിട്ടില്ലെന്ന് എ.എസ്.ഐ പ്രതികരിച്ചു. അതിനാലാണ്, ഈ ആചാരം അവസാനിപ്പിക്കാന്‍ അഖില ഭാരത ഹിന്ദു മഹാസഭ കോടതിയെ സമീപിച്ചതെന്ന് ഹിന്ദു മഹാസഭ ഡിവിഷണല്‍ പ്രസിഡന്റ് മീന ദിവാകറും ജില്ലാ പ്രസിഡന്റ് സൗരഭ് ശര്‍മ്മയും അറിയിച്ചു.
കാശി വിശ്വനാഥിലും കൃഷ്ണ ജന്മഭൂമിയിലും ഉത്തരവിട്ടതിന് സമാനമായി താജ് മഹല്‍ പരിസരവും സര്‍വേ നടത്താന്‍ ഹിന്ദു മഹാസഭ നിവേദനം നല്‍കുമെന്നും സൗരഭ് ശര്‍മ്മ പറഞ്ഞു.
അതേസമയം, പരിപാടിക്ക് എ.എസ്.ഐ വാര്‍ഷിക അനുമതി നല്‍കാറുണ്ടെന്നും ഈ വര്‍ഷവും അത് അനുവദിച്ചിട്ടുണ്ടെന്നും ഉറൂസ് സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം സെയ്ദി പറഞ്ഞു. രണ്ട് ദിവസം മുമ്പ് എ.എസ്.ഐ ഓഫീസില്‍ ഉറൂസ് ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ ഉറൂസ് താജ് മഹലില്‍ നൂറ്റാണ്ടുകളായി നടക്കുന്നുണ്ടെന്നും അതിന് അനുമതിയില്ലെന്ന വാദം തികച്ചും വ്യാജമാണെന്നും സയ്യിദ് ഇബ്രാഹിം സെയ്ദി പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരും തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാരും ഉറൂസിന് എല്ലായ്‌പ്പോഴും അനുമതി നല്‍കിയിട്ടുണ്ടെന്നും സെയ്ദി കൂട്ടിച്ചേര്‍ത്തു.
Content Highlight: Hindu Mahasabha approached Agra court for Ban ‘Urs’ ceremony in Taj Mahal