| Saturday, 22nd October 2022, 3:27 pm

ഗാന്ധി വേണ്ട, നേതാജി മതി; നോട്ടുകളില്‍ പുതിയ മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായി ഹിന്ദു മഹാ സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കറന്‍സി നോട്ടുകളില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി പകരം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രം വെക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. രാഷ്ട്രത്തിന് വേണ്ടി ഗാന്ധിയും നേതാജിയും നല്‍കിയ സംഭാവനകള്‍ തുല്യ പ്രധാന്യമുള്ളവയാണെന്നും അതിനാല്‍ തന്നെ നേതാജിയുടെ ചിത്രമാണ് കറന്‍സികള്‍ വരേണ്ടതെന്നുമാണ് ഹിന്ദു മഹാസഭയുടെ ആവശ്യം.

‘മഹാത്മാഗാന്ധിയേക്കാള്‍ കുറവല്ല സ്വാതന്ത്ര്യസമരത്തില്‍ നേതാജിയുടെ സംഭാവനകള്‍. അതിനാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനി നേതാജിയെ ആദരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അദ്ദേഹത്തിന്റെ ചിത്രം കറന്‍സി നോട്ടുകളില്‍ വെക്കുന്നതാണ്. ഗാന്ധിയുടെ ഫോട്ടോയ്ക്ക് പകരം നേതാജിയുടേതാണ് ഉള്‍പ്പെടുത്തേണ്ടത്,’ അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ പശ്ചിമ ബംഗാള്‍ വര്‍ക്കിങ് പ്രസിഡന്റ് ചന്ദ്രചൂര്‍ ഗോസ്വാമി പറഞ്ഞു.

കൊല്‍ക്കത്തയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ പന്തലില്‍ മഹാത്മാഗാന്ധിയോട് സാമ്യമുള്ള മഹിഷാസുരന്റെ വിഗ്രഹം ഹിന്ദു സംഘടന സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവം മനപൂര്‍വമല്ലെന്നായിരുന്നു സംഘടനയുടെ വാദം.

‘ഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിക്കാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശമില്ലായിരുന്നു. ഇത് മനപൂര്‍വമല്ല. വിഷയത്തില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കരുത്,’ സംഘടന നേരത്തെ പറഞ്ഞു.

സംഭവത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ മുഖത്തെ അസുരന്റെ മുഖമുദ്രയാക്കി ദുര്‍ഗാപൂജയെ അപകീര്‍ത്തിപ്പെടുത്താനാണ് ഹിന്ദു സംഘടനകള്‍ ശ്രമിച്ചതെന്നും ഇത് ലജ്ജാകരമാണെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

അതേസമയം ഹിന്ദു മഹാസഭയുടെ ആവശ്യത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയുടെ പങ്ക് നിഷേധിക്കാനാകാത്തതാണ്. അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണ് എന്ന് എല്ലാവര്‍ക്കുമറിയാം. അദ്ദേഹം മുമ്പോട്ടുവച്ച ആദര്‍ശങ്ങളും തത്വങ്ങളും ദിനം പ്രതി തിരസ്‌കരിക്കപ്പെടുന്ന സാഹചര്യമാണുള്ളത് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

Content Highlight: Hindu maha sabha says that gandhis photo must change to netaji’s photo on currencies

We use cookies to give you the best possible experience. Learn more