പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രിതി സമിതിയും ശിവസേനയും
India
പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രിതി സമിതിയും ശിവസേനയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th April 2017, 2:14 pm

ന്യൂദല്‍ഹി: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗിക്കുന്ന രീതിയെ വിമര്‍ശിച്ച ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ നടപടിക്ക് പിന്നാലെ പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി ഹിന്ദു ജനജാഗ്രിതി സമിതിയും ശിവസേനയും രംഗത്ത്.

കോടതി നിര്‍ദേശം അവഗണിച്ചുകൊണ്ടാണ് പള്ളിക്ക് മുകളില്‍ ഉച്ചഭാഷണി വെക്കുന്നതെന്നും ഹിന്ദു ജനജാഗ്രിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

“”ശബ്ദമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ ഹൈക്കോടതി പള്ളികള്‍ക്ക് മുകളിലെ ഉച്ചഭാഷിണികള്‍ നിരോധിക്കണമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ മുംബൈ പൊലീസ് ഇതുവരെ ഒരു പള്ളിയിലെ ഉച്ചഭാഷണി ഉപയോഗത്തിനെതിരെയും രംഗത്തെത്തിയിട്ടില്ല. “”- പ്രസ്താവനയില്‍ പറയുന്നു.

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരാവകാശ രേഖയിലും കോടതി ഉത്തരവ് നടപ്പിലാക്കിയിട്ടില്ലെന്ന വിവരം തന്നെയാണ് ലഭിച്ചത്. ഞങ്ങള്‍ ഒരു മതത്തിനും എതിരല്ല. എന്നാല്‍ വിവേചനത്തിനെതിരെയാണ് ഞങ്ങള്‍ ശബ്ദമുയര്‍ത്തുന്നത്. – ഹിന്ദു ജനജാഗ്രിതി വക്താവ് രമേശ് ഷിന്‍ഡെ പറയുന്നു.


Dont Miss നദീറിനെതിരായ യു.എ.പി.എ പിന്‍വലിച്ചിട്ടില്ലെന്ന് ലോക്‌നാഥ് ബഹ്‌റ 


ഇതാദ്യമായല്ല പള്ളിയിലെ ഉച്ചഭാഷിണിക്കെിതരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തുന്നത്. പുലര്‍ച്ചെയുള്ള ബാങ്ക് വിളി ഒഴിവാക്കണണെന്നും എല്ലാവര്‍ക്കും സുഖമായി കിടന്നുറങ്ങണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘനടകള്‍ 2014 ഉം രംഗത്തെത്തിയിരുന്നു. നവി മുംബൈയിലെ 49 പള്ളികളില്‍ 45 പള്ളികളും നിയമവിരുദ്ധമായാണ് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം.

അതേസമയം ശബ്ദമലീനീകരണം എന്നത് സ്ലോ പോയിസണ്‍ ആണെന്നും ഈ വിഷയത്തെ കുറിച്ച് ആര് ട്വീറ്റ് ചെയ്തു എന്നതല്ല വിഷയമെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്നും ശിവസേന പറയുന്നു. മലിനീകരണം ഓരോ ദിവസം വര്‍ധിച്ചു വരികയാണ്. ശബ്ദമലിനീകരണം നമ്മെ സാവാധാനം ഇല്ലാതാക്കും അതിന് മുന്‍പേ അതിന് കടിഞ്ഞാണിടണമെന്നും ശിവസേന എം.പി മനീഷ കയന്‍ഡേ പറഞ്ഞു.