| Wednesday, 27th December 2017, 8:06 am

സിനിമയിലെ രാം, സീത പേരുകള്‍ മാറ്റണമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച്; ഹിന്ദു കുടുംബങ്ങളിലെ ഇത്തരം പേരുകള്‍ മാറ്റാനും ഇവര്‍ പറയുമോയെന്ന് സംവിധായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: സിനിമകളിലെ കഥാപാത്രങ്ങളുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധങ്ങള്‍ തുടരുന്നു. സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തിനെതിരായ പ്രതിഷേധത്തിനുശേഷം ബംഗാളി സംവിധായകന്‍ രഞ്ജന്‍ ഘോഷ് ചിത്രം “രൊംഗ് ബെരൊംഗേര്‍ കൊരി”ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് പരിവാര്‍ സംഘടനകള്‍.

“രൊംഗ് ബെരൊംഗേര്‍ കൊരി”യിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ചാണ് പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍ക്ക് രാം, സീത എന്നീ പേരുകള്‍ നല്‍കിയത് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.


Also Read: ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു


പേരുകള്‍ മാറ്റണമെന്ന ആവശ്യമുന്നയിച്ച് സംഘടന സെന്‍സര്‍ ബോര്‍ഡിന് കത്തും നല്‍കിയിട്ടുണ്ട്. സിനിമയില്‍ രാം, സീത എന്നീ കഥാപാത്രങ്ങള്‍ വിവാഹമോചിതരാകുന്നതായാണ് ചിത്രീകരിക്കുന്നത്. ഇത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുമെന്നാണ് സംഘടന ആരോപിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടനാവക്താവ് വിവേക് സിങ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു. കഥാപാത്രങ്ങള്‍ക്ക് ഹിന്ദു ദൈവങ്ങളുടെ പേരിടുന്ന പ്രവണത ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷും പറഞ്ഞു.

എന്നാല്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് പുരാണവുമായി യാതൊരു ബന്ധവുമില്ലെന്നും സംഘടനയുടേത് ശ്രദ്ധപിടിച്ചുപറ്റാനുള്ള തന്ത്രം മാത്രമാണെന്നും സംവിധായകന്‍ രഞ്ജന്‍ ഘോഷ് പ്രതികരിച്ചു. ഹിന്ദു കുടുംബങ്ങളിലെല്ലാം ഇത്തരം പേരുകള്‍ സാധാരണമാണ്. ഇനി അതെല്ലാം മാറ്റാനും ഇവര്‍ ആവശ്യപ്പെടുമോ എന്നും ഘോഷ് ചോദിച്ചു.

“സിനിമ റിലീസായിട്ടില്ല. അത് കാണുകപോലും ചെയ്യാതെയാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി ഇക്കൂട്ടര്‍ വരുന്നത്” അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more