Kerala
'ഹിന്ദു സഖാക്കൾക്ക് നന്മ വരട്ടെ'; സി.പി.ഐ.എമ്മിന്റെ ജനകീയ ഭക്ഷണശാലയിലും വര്‍ഗ്ഗീയത പറഞ്ഞ് ആര്‍.എസ്.എസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 10, 06:15 am
Saturday, 10th March 2018, 11:45 am

ആലപ്പുഴ: സി.പി.ഐ.എമ്മിന്റെ ജനകീയ ഭക്ഷണശാലയില്‍ നിന്ന് കഴിച്ച ഭക്ഷണത്തിലും വര്‍ഗ്ഗീയത പറഞ്ഞ് ആര്‍.എസ്.എസ് നേതാവ്. ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ പ്രതീഷ് വിശ്വനാഥാണ് ഭക്ഷണശാലയെ വര്‍ഗ്ഗീയവല്‍ക്കരിച്ച് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

“സി.പി.ഐ.എമ്മിന്റെ ജനകീയ ഭക്ഷണശാലയില്‍ കയറി കഞ്ഞി കുടിച്ചു. നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കി തന്നു. മറ്റു ഹിന്ദു സഖാക്കളെയും പരിചയപെട്ടു. അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും പാതയില്‍ നിന്നും മാറ്റം അനിവാര്യമാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു ഹിന്ദുവിന്റെയും രക്തം വീഴാത്ത കാലം ഉണ്ടാകട്ടെ. ഭക്ഷണം നല്‍കിയ ഹിന്ദു സഖാക്കള്‍ക്ക് നന്മ വരട്ടെ.” എന്നാണ് പ്രതീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ഭക്ഷണം കഴിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് വിശപ്പില്ലാ ഗ്രാമത്തിനായി ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ മേല്‍നോട്ടത്തില്‍ ദേശീയപാതയോരത്ത് പാതിരപ്പള്ളിയില്‍ ജനകീയ ഭക്ഷണശാല ആരംഭിച്ചത്. സി.പി.ഐ.എം പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്നേഹജാലകമാണ് ഭക്ഷണശാലയുടെ നടത്തിപ്പുകാര്‍. പണം വാങ്ങാതെ സംഭാവനകളിലൂടെ മാത്രമാണ് ജനകീയഭക്ഷണശാലയുടെ പ്രവര്‍ത്തനം.