| Wednesday, 6th December 2017, 9:40 pm

ബാബ്റി മസ്ജിദ് ദിനത്തില്‍ മധുര പലഹാര വിതരണവുമായി സംഘപരിവാറുകാര്‍; കാശിയിലെയും മധുരയിലെയും പള്ളികള്‍ പൊളിച്ച് നീക്കുമെന്നു ഭീഷണിയും

എഡിറ്റര്‍

തിരുവന്തപുരം: ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തില്‍ പ്രകോപനവുമായി സംഘപരിവാര്‍ സംഘടനകള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മധുരം വിതരണം ചെയ്താണ് “ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ” നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനം “ആഘോഷിച്ചത്”.

മധുര വിതരണം ചെയ്ത പ്രവര്‍ത്തകര്‍ ,സോഷ്യല്‍മീഡിയയിലൂടെ ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വിവിധ ജില്ലകളില്‍ ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ ആഘോഷമെന്ന പേരില്‍ വിവിധ ജില്ലകളിലെ മധുര വിതരണത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇവര്‍ പ്രചരിപ്പിച്ചത്.

അതേസമയം കാശിയിലെയും മധുരയിലെയും പള്ളികള്‍ പൊളിച്ചു നീക്കി ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം അത് പൊളിച്ച നീക്കുമെന്നുള്ള ഭീഷണികളും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി നടത്തുകയുണ്ടായി.
“ഭഗവന്‍ ശിവന്റെ വാസസ്ഥാനമായ കാശിയിലും ഭഗവന്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥാനമായ മഥുരയിലും ഉള്ള പള്ളികള്‍ പൊളിച്ചു മാറ്റി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം .. ഇല്ലെങ്കില്‍ ഹിന്ദു സമൂഹം അത് പൊളിച്ചു മാറ്റുന്ന അവസ്ഥ ഉണ്ടാകും” എന്നാണ് പ്രതീഷ് വിശ്വനാഥ് എന്നയാള്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്.

നേരത്തെ ബാബ്റി മസ്ജിദ് പൊളിക്കാന്‍ ഉദേശിച്ചിരുന്നില്ലെന്നും ആള്‍ക്കൂട്ടമാണ് ഇത് ചെയ്തെന്നുമായിരുന്നു മസ്ജിദ് തകര്‍ത്തതിനു ശേഷം ബി.ജെപി നേതൃത്വം നല്‍കിയ വിശദീകരണം. കോടതിയിലും ഇതേ നിലപാടാണ് പാര്‍ട്ടിയും മറ്റു സംഘപരിവാര്‍ സംഘടനകളും സ്വീകരിച്ചിരുന്നത്.

എന്നാല്‍ ഈ വര്‍ഷം പ്രകോപനം ഉണ്ടാക്കുന്ന രീതിയില്‍ സംസ്ഥാനത്തുടനീളം മധുര പലഹാര വിതരണം നടത്തി ആഘോഷിക്കുകയായിരുന്നു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകനായ പ്രതീഷ് വിശ്വനാഥാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന മധുര വിതരണത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാശിയിലെയും മഥുരയിലെയും കെട്ടിടങ്ങള്‍ തകര്‍ക്കുന്ന ദിവസം ആഘോഷിക്കാന്‍ എത്രയും പെട്ടെന്ന് അവസരം ഉണ്ടാക്കണേ എന്ന് ശ്രീപദ്മനാഭനോട് പ്രാര്‍ത്ഥിക്കുന്ന പോസ്റ്റുകളും ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more