കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള കോടതിവിധിക്കെതിരെ പമ്പയിലും നിലക്കലിലും അക്രമം അഴിച്ചു വിട്ടത് സ്വാഭാവികമായിരുന്നില്ല. മാസങ്ങളോളം നീണ്ടുനിന്ന ആസൂത്രണത്തോടെ നടത്തിയ സംഘര്‍ഷമായിരുന്നു. കേരളത്തില്‍ ഒരു കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് നേരത്തെ തന്നെ ഹിന്ദു ഹെല്‍പ് ലൈനിന്റെ മുന്‍ പ്രവര്‍ത്തകന്‍ ഡൂള്‍ന്യൂസിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. അത് ശരിവെക്കുന്ന തരത്തിലായിരുന്നു നിലക്കലിലും പമ്പയിലും നടന്ന അക്രമസംഭങ്ങള്‍.
സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും വളഞ്ഞിട്ട് ആക്രമിക്കുക്കയും മാധ്യമപ്രവര്‍ത്തകരുടേതടക്കം പൊലീസ് വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി ബസുകളും തല്ലിത്തകര്‍ത്ത് കലാപഭൂമിയാക്കിയതിനും പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു എന്നത് ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലില്‍ വ്യക്തമാണ്.
“ഈ അടുത്ത കാലത്ത് ശബരിമല സംരക്ഷണ സമിതി എന്നൊരു സമിതിക്ക് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതൃത്വം കൊടുക്കുകയുണ്ടായി. വിവിധ ജില്ലകളില്‍ നിന്നും ഇതിനെ അറിയാനും അഭിപ്രായം പറയാനുമായിട്ട് ആളുകളെ വിളിച്ചു ചേര്‍ക്കുകയും അതില്‍ പങ്കെടുത്തവരുടെ ഡാറ്റ കളക്റ്റ് ചെയ്യുകയും ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പാക്കുകയും ചെയ്തു. മുമ്പ് നടന്ന ഒരു വാട്‌സ് ആപ്പ് ഹര്‍ത്താല്‍ പോലെ ഇനി ഒരു വിഷയം ഉണ്ടായാല്‍ അവരെ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി തെരുവിലിറക്കി കലാപം ഉണ്ടാക്കക എന്നതായിരുന്നു ലക്ഷ്യം. അതിനു വേണ്ടിയാണ് അവര്‍ ഡാറ്റ കളക്ട് ചെയ്തത്”. എന്നാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയത്.
“ശബരിമല വിഷയത്തില്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവും അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്റെ സെക്രട്ടറിയുമായ പ്രതീഷ് വിശ്വനാഥ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്. “പരമാവധി അയ്യപ്പ ഭക്തര്‍ അഞ്ചു ദിവസം താമസിക്കാന്‍ തയ്യാറായി നിലക്കല്‍ എത്തുക, എന്ത് വിലകൊടുത്തും .. വേണ്ടി വന്നാല്‍ ജീവന്‍ കൊടുത്തും ഞങ്ങള്‍ തടയും, പിണറായി വിജയനോട് പറയാനുള്ളത് അയ്യപ്പ സ്വാമിക്ക് വേണ്ടി വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കും, ഇനിയും ഉണ്ടാകുന്ന എല്ലാത്തിനും ഉത്തരവാദി പിണറായി വിജയന്‍ ആണ് …എല്ലായിടത്തും അയ്യപ്പ ഭക്തര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുക”. എന്നായിരുന്നു.
ആര്‍.എസ്.എസും ബി.ജെ.പിയും ആദ്യം വിധിയെ സ്വാഗതം ചെയ്യുകയും എന്നാല്‍ പതുക്കെ തട്ടു മാറ്റി സര്‍ക്കാറിനെതിരെ വിശ്വാസികളെ തെരുവിലിറക്കി സമരം നടത്തിയതും പിന്നീട് തുടര്‍ച്ചയായി വിവിധ സമരങ്ങള്‍ പ്രഖ്യാപിച്ചതും കൃത്യമായ ആസൂത്രണത്തോടെയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദു ഹെല്‍പ്പ് ലൈനായിരുന്നു എന്നതാണ് നേരത്തെ നടത്തിയ വെളിപ്പെടുത്തലില്‍ നിന്നും മനസ്സിലാകുന്നത്.
സത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി വന്നത് മുതല്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വിശ്വാസികള്‍ തെരുവിലിറങ്ങണമെന്ന തരത്തിലുള്ള ആഹ്വാനങ്ങളും സന്ദേശങ്ങളുമുണ്ടായിരുന്നു. ദൈവ വിശ്വാസം ഇല്ലാത്ത ഇടതു സര്‍ക്കാര്‍ ഹിന്ദുക്കളുടെ വിശ്വാസം തകര്‍ക്കുന്നു എന്നും അതിനെ തെരുവില്‍ നേരിടണമെന്നുമുള്ള വ്യാപക മെസേജുകളാണ് വിധിവന്ന ആദ്യമണിക്കൂറുകളില്‍ തന്നെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നത്.
മുഖം മൂടിക്കെട്ടി കുറുവടികളുമായി കാവിമുണ്ടുടുത്ത നിരവധിയാളുകളാണ് ആളുകളാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്. പമ്പയിലേയ്ക്ക് പോകുകയായിരുന്ന 13 കെ.എസ്.ആര്‍.ടി.സി ബസ്സുകളാണ് അക്രമകാരികള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. ഇലവുങ്കലില്‍ പൊലീസ് വാഹനം കൊക്കയിലേക്ക് മറിച്ചിട്ടു. മാധ്യമസ്ഥാപനങ്ങളുടെ വാഹനം അടിച്ചും എറിഞ്ഞും തകര്‍ത്തു. സംഘപരിവാര്‍ സംഘടനകളുടെ പിന്‍ബലത്തില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ നിലയ്ക്കലിലെത്തി ബസില്‍ പോകാന്‍ ശ്രമിച്ചവരെ ബലംപ്രയോഗിച്ച് പിടിച്ചിറക്കി. പമ്പയേയും നിലയ്ക്കലിനേയും കലാപഭൂമിയാക്കിയായിരുന്നു ആക്രമണം.
രാവിലെ പൊലീസ് പിരിച്ചുവിട്ട അക്രമികള്‍ ഉച്ചയോടെ തിരിച്ചെത്തിയാണ് വ്യാപക ആക്രമണം അഴിച്ചുവിട്ടത്. പൊലീസിനെതിരെ തിരിഞ്ഞ അക്രമികള്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം മര്‍ദിച്ചു. ന്യൂസ് 18, റിപ്പോര്‍ട്ടര്‍, ഇന്ത്യാടുഡെ എന്നീ മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. മാധ്യമം പത്രത്തിന്റേത് അടക്കം നിരവധി വാഹനങ്ങള്‍ അടിച്ച് തകര്‍ത്തു. സമീപത്തെ കുറ്റിക്കാടുകളില്‍ മറഞ്ഞിരുന്നായിരുന്നു പൊലീസിനെതിരായ ആക്രമണം.
നാല് മണിക്കൂറിലധികം പ്രദേശത്ത് അക്രമികള്‍ അഴിഞ്ഞാടി. പൊലീസിനെതിരെ വ്യാപകമായി കല്ലേറുണ്ടായി. സ്ത്രീകള്‍ എത്തുന്നുവെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.
പമ്പയിലും പ്രതിഷേധത്തിന്റെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടി. പൊലീസിനും മാധ്യമങ്ങള്‍ക്കും നേരെ ഇവിടെയും ആക്രമണമുണ്ടായി. അക്രമികളെ പിരിച്ചുവിടാനായി പൊലീസ് പലയിടത്തും ലാത്തിവീശി. അയ്യപ്പ ധര്‍മ്മ സേന പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വറിനെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.