ജാമിയ മസ്ജിദില്‍ മദ്രസയും പാചകവും നിരോധിച്ച് ഹിന്ദുക്കളെ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്
national news
ജാമിയ മസ്ജിദില്‍ മദ്രസയും പാചകവും നിരോധിച്ച് ഹിന്ദുക്കളെ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th June 2022, 9:16 am

ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ ജാമിയ മസ്ജിദ് പുരാതന ഹനുമാന്‍ ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണെന്ന ഹിന്ദു സംഘടനകളുടെ ആരോപണത്തിന് പിന്നാലെ മസ്ജിദിനുള്ളില്‍ ഹിന്ദുക്കളെ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്.

മസ്ജിദിനുള്ളില്‍ മദ്രസയും പാചകവും നിരോധിക്കണമെന്നും ഹിന്ദു ചിഹ്നങ്ങള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പള്ളിക്കുള്ളില്‍ ഒരു വീഡിയോ സര്‍വേ നടത്തണമെന്നും അവര്‍ പറഞ്ഞു.

അതേസമയം ക്രമസമാധാന പാലനത്തിനായി ശ്രീരംഗപട്ടണം അധികൃതര്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ മുന്‍കൂട്ടി കണ്ട് ശ്രീരംഗപട്ടണം ടൗണില്‍ വിവിധ പ്രദേശങ്ങളിലായി 500ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു.

എന്നാല്‍ ഇത് കണക്കിലെടുക്കാതെ വി.എച്ച്.പിയും ബജ്രിംഗ്ദളും ഉള്‍പ്പെടെ വിവിധ ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തകര്‍ ജാമിയ മസ്ദിജില്‍ പൂജ നടത്താന്‍ സംഘടിച്ചെത്തിയിരുന്നു.

നിരോധനാജ്ഞ ലംഘിച്ച് ജാമിയ മസ്ജിദിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച നൂറിലധികം വി.എച്ച്.പി, ബജ്രിംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സമരക്കാരെ തടയുന്നത് ശരിയല്ലെന്നും സ്ഥലം കൈയേറി മദ്രസയാക്കി സ്മാരകത്തിനുള്ളില്‍ നമസ്‌കാരം നടത്തുന്നവരെ തടയണമെന്നും ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക്ക് പറഞ്ഞു.

പുരാവസ്തു വകുപ്പ് മസ്ജിദില്‍ പ്രവേശനമില്ല എന്ന ബോര്‍ഡ് വെച്ചിട്ടുണ്ട്, പക്ഷേ 10-15 വര്‍ഷമായി അവര്‍ അത് ചെയ്യുന്നു. പ്രതിഷേധിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്, അത് നമ്മുടെ ക്ഷേത്രമാണ്. ഇന്നും അവിടെ ഒരു കുളവും ഗണേശ വിഗ്രഹവുമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസ്ജിദ് പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ ചില ഹിന്ദുസംഘടനാപ്രവര്‍ത്തകരാണ് ജില്ലാ ഭരണകൂടത്തിന് നിവേദനം സമര്‍പ്പിച്ചിരുന്നത്.

മസ്ജിദിന്റെ സ്ഥലത്ത് നേരത്തേ ഹനുമാന്‍ ക്ഷേത്രമായിരുന്നുവെന്നും ഇതുപൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചതെന്നുമാണ് ഹിന്ദുസംഘടനകള്‍ അവകാശപ്പെടുന്നത്.

1786-’87 കാലഘട്ടത്തില്‍ ടിപ്പു സുല്‍ത്താന്‍ പണികഴിപ്പിച്ചതാണ് ശ്രീരംഗപട്ടണത്തെ ജാമിയ മസ്ജിദ്.

Content Highlights: Hindu groups raise 4 demands as row erupts over Jamia mosque in Karnataka’s Mandya