നവരാത്രി ദിനങ്ങളില്‍ മാംസ വില്‍പ്പന അനുവദിക്കില്ല, നിങ്ങള്‍ അടച്ചില്ലെങ്കില്‍ ഞങ്ങള്‍ പൂട്ടിക്കും: മുസ്‌ലീങ്ങള്‍ക്കെതിരെ ഭീഷണിയുമായി ഹൈന്ദവ സംഘടനകള്‍
national news
നവരാത്രി ദിനങ്ങളില്‍ മാംസ വില്‍പ്പന അനുവദിക്കില്ല, നിങ്ങള്‍ അടച്ചില്ലെങ്കില്‍ ഞങ്ങള്‍ പൂട്ടിക്കും: മുസ്‌ലീങ്ങള്‍ക്കെതിരെ ഭീഷണിയുമായി ഹൈന്ദവ സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2018, 12:14 pm

ഗുര്‍ഗോണ്‍: നവരാത്രി ദിനങ്ങളില്‍ മാംസ വില്‍പ്പന അനുവദിക്കില്ലെന്നും കടകള്‍ പൂട്ടണമെന്നുമുള്ള ഭീഷണിയുമായി 22 ഓളം വരുന്ന ഹൈന്ദവ സംഘടനകള്‍.

ഗുരുഗ്രാമിലെ മാംസ കച്ചവടക്കാരെയാണ് ശിവസേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭീഷണിപ്പെടുത്തിയത്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മാംസ കടകളെല്ലാം അടച്ചുപൂട്ടണമെന്ന തങ്ങളുടെ ആവശ്യം ജില്ലാ ഭരണകൂടം നേരിട്ട് നടപ്പാക്കിയില്ലെങ്കില്‍ അത് തങ്ങള്‍ക്ക് തന്നെ ചെയ്യേണ്ടി വരുമെന്ന് സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി പറഞ്ഞു. ഒക്ടോബര്‍ 10 മുതല്‍ 18 വരെയാണ് നവരാത്രി ആഘോഷം.

125 അംഗങ്ങളെ തങ്ങള്‍ നിയമിച്ചിട്ടുണ്ടെന്നും ഇവര്‍ നഗരത്തിലെ ഓരോ മാംസ കടയിലും എത്തി കടകള്‍ അടക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കിക്കൊണ്ട് ശിവസേന ജില്ലാ ഭരണകൂടത്തിന് കത്തുനല്‍കിയിട്ടുണ്ട്. “”നവരാത്രി ദിനത്തില്‍ ഏതെങ്കിലും മാംസകടകള്‍ തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഞങ്ങള്‍ അത് പൂട്ടിക്കും. അതിന്റെ പേരില്‍ എന്ത് സംഭവിച്ചാലും അക്കാര്യം ഞങ്ങള്‍ നോക്കിക്കോളും””- ശിവസേന ജില്ലാ പ്രസിഡന്റ് ഗൗതം സേനി പറയുന്നു.

ശിവസേനയ്ക്ക് പുറമെ വിശ്വ ഹിന്ദു പരിഷത്തും ഹിന്ദു സേനയും സംയുക്ത് ഹിന്ദു സംഘര്‍ഷ സമിതിയില്‍ അംഗങ്ങളാണ്.

എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്ക് അറിയില്ലെങ്കിലും കട അവര്‍ നിര്‍ബന്ധപൂര്‍വം പൂട്ടിക്കുകയാണെന്നും മാംസ വില്‍പ്പനക്കാരനായ താഹിര്‍ ഖുറേഷി പറയുന്നു.

കര്‍ട്ടനും മറ്റും വലിച്ചുകെട്ടിയാണ് ഇന്നലെ 14 മാംസകടകള്‍ ഇവിടെ തുറന്നുപ്രവര്‍ത്തിച്ചത്. നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചില സംഘടനകളില്‍പ്പെട്ടവര്‍ ഇവിടെ വന്നിരുന്നു. കടകള്‍ പൂട്ടിയില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് അവര്‍ പറയുന്നത് -ഖുറേഷി പറയുന്നു.


റഫേല്‍; കേന്ദ്രത്തിന് വന്‍ തിരിച്ചടി; ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് സുപ്രീം കോടതി


“”കഴിഞ്ഞ 50 വര്‍ഷമായി ഞങ്ങള്‍ ഇവിടെ മാംസ വില്‍പ്പന നടത്തുന്നുണ്ട്. രണ്ട് വര്‍ഷത്തിനിപ്പുറം ഇത്തരമൊരു പ്രശ്‌നം ഉണ്ടായിരുന്നില്ല. മാംസ വില്‍പ്പന നടത്തുന്ന കടകള്‍ക്ക് സമീപമൊന്നും ഹിന്ദുക്കളാരും താമസിക്കുന്നില്ല. പിന്നെ എന്തിന്റെ പേരിലാണ് അവര്‍ കടകള്‍ അടപ്പിക്കണമെന്ന് നിര്‍ബന്ധം പിടിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല””വ്യാപാരിയായ താഹിര്‍ ഖുറേഷി പറയുന്നു.

എന്റെ കടയില്‍ ആറ് ജീവനക്കാരുണ്ട്. ഒന്‍പത് ദിവസം കട അടച്ചിടുന്നതോടെ 50000 രൂപയുടെ നഷ്ടമാണ് എനിക്ക് ഉണ്ടാകുക. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്- വ്യാപാരിയായ മുഹമ്മദ് സാഹി ചോദിക്കുന്നു.

നവരാത്രി ദിനങ്ങളില്‍ മാംസ കടകള്‍ അടച്ചിട്ടാല്‍ 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് തങ്ങള്‍ക്ക് സംഭവിക്കാനിരിക്കുന്നത് എന്ന് മുഹമ്മദ് ഷാഹി പറയുന്നു.

ഹൈന്ദവ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരികള്‍ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിട്ടുണ്ട്. പ്രത്യേക ഫോഴ്‌സിനെ നിയമിക്കാമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ടെങ്കിലും ആറ് മണിക്ക് ശേഷം ഇവിടെ കാര്യമായി പൊലീസൊന്നും എത്തുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

എന്നാല്‍ കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്ന നടപടിയെ ശക്തമായി പ്രതിരോധിക്കുമെന്നും അത്തരത്തില്‍ ആരെങ്കിലും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു. എല്ലാ പ്രധാനമാര്‍ക്കറ്റുകളിലും സുരക്ഷ ശക്തമാക്കണമെന്ന് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2017 ലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദല്‍ഹി ഗുര്‍ഗോണ്‍ എക്‌സ്പ്രസ് വെയിലെ 300 ഓളം മാംസകടകള്‍ ചില ഹൈന്ദവ സംഘടനകളില്‍പ്പെട്ട ആളുകള്‍ പൂട്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 500 ഓളം കടകളായിരുന്നു ശിവസേനയുടെ മാത്രം നേതൃത്വത്തില്‍ ദല്‍ഹിയില്‍ പൂട്ടിച്ചത്.