ന്യൂയോര്‍ക്ക്: ക്ഷേത്ര നിര്‍മാണത്തിന് വേണ്ടി തൊഴിലാളികളെ ചൂഷണം ചെയ്‌തെന്ന് അമേരിക്കയില്‍ ഹിന്ദു സംഘടനയ്‌ക്കെതിരെ പരാതി. ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ പ്രലോഭിപ്പിച്ച് അമേരിക്കയില്‍ എത്തിച്ചെന്നും അവിടെ വെച്ച് ചൂഷണം ചെയ്‌തെന്നുമാണ് സംഘടനയ്‌ക്കെതിരായി ഫയല്‍ ചെയ്ത കേസില്‍ പറയുന്നത്.
ബോചസന്വസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (ബി.എ.പി.എസ്) എന്ന സംഘടനയ്‌ക്കെതിരെയാണ് കേസ്.
സംഘടനയ്ക്ക് കീഴില്‍ അമേരിക്കയിലുള്ള അമ്പലങ്ങളില്‍ നൂറുകണക്കിന് വരുന്ന തൊഴിലാളികളെ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ മേയില്‍ യു.എസിലെ ഒരു ജില്ലാ കോടതിയില്‍ തൊഴിലാളികള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇപ്പോള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂജഴ്‌സിയിലെ സ്വാമിനാരായണ്‍ ക്ഷേത്രം പണിയാനായി തങ്ങളെ അടച്ചിട്ടെന്നും വെറും ഒരു ഡോളര്‍ വേതനത്തിന് പണിയെടുപ്പിച്ചെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.
അറ്റ്‌ലാന്റ, ഷിക്കാഗോ, ലോസ് ഏഞ്ചലസ്, ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ ക്ഷേത്ര നിര്‍മാണത്തിനെന്ന് പറഞ്ഞ് ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ എത്തിക്കുകയായിരുന്നുവെന്നാണ് ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പറയുന്നത്.
മനുഷ്യക്കടത്ത്, നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കല്‍, ഗൂഢാലോചന, അടിമപ്പണി ചെയ്യിക്കല്‍, മിനിമം വേതനം നല്‍കാതിരിക്കല്‍, കുടിയേറ്റ രേഖകളില്‍ കൃത്രിമം കാണിക്കല്‍ എന്നീ വകുപ്പുകളിലാണ് കേസ്.
റിലീജിയസ് വിസയില്‍ (R-1 വിസ)യില്‍ അമേരിക്കയിലെത്തിയ ആര് പേരാണ് പരാതി നല്‍കിയിരിക്കുന്നത്. 2018 മുതല്‍ ഈ വിസയില്‍ യു.എസില്‍ 200ലധികം ഇന്ത്യക്കാര്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.
എഫ്.ബി.ഐ മേയില്‍ നടത്തിയ ഒരു റെയ്ഡില്‍ 200ഓളം തൊഴിലാളികളെ അമേരിക്കയില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷനല്‍ (ഐ.സി.ഡബ്ല്യു.ഐ) പി.ടി.ഐയോട് മുമ്പ് പറഞ്ഞിരുന്നു. ഈ തൊഴിലാളികളില്‍ ഭൂരിഭാഗവും ആദിവാസികളും ദളിതരുമായിരുന്നു.