ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്ഷേത്രമുറ്റത്ത് മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചവരെ തടഞ്ഞ് ക്ഷേത്ര ഭാരവാഹികള്‍. ഒരു വിഭാഗം തീവ്ര ഹിന്ദുത്വവാദികളാണ് ക്ഷേത്രമുറ്റത്ത് വിദ്വേഷ മുദ്രാവാക്യങ്ങളുമായെത്തിയത്. ക്ഷേത്ര ഭാരവാഹികള്‍ ഇടപെട്ട് ഇവരില്‍ നിന്ന് മൈക്ക് വാങ്ങിവെക്കുകയായിരുന്നു.
ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ തീവ്ര ഹിന്ദുത്വ നേതാവായ രാധാ സെംവാല്‍ ആണ് ഈ വീഡിയോ പ്രചരിപ്പിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ഗീയവാദം ക്ഷേത്രത്തിനകത്ത് നടത്തരുതെന്നും ഭാരവാഹികള്‍ താക്കീത് ചെയ്യുന്നുണ്ട്.
ഉത്തരാഖണ്ഡിലെ മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തകര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വിദ്വേഷ പ്രസ്താവനകള്‍ നടത്താറുള്ളവരാണ് ഇവര്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരത്തിലൊരു തീര്‍ത്ഥാടന കേന്ദ്രം രാധാ സെംവാലിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം തകര്‍ത്തിരുന്നു.
ഇവര്‍ ക്രിസ്ത്യാനികളെയും ആക്രമിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടുള്ള തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ നിരന്തരമായ അക്രമങ്ങള്‍ തുടരുന്നതിനിടെയാണ് ക്ഷേത്ര കമ്മിറ്റിയുടെ ഈ മാതൃകാപരമായ ഇടപെടലെന്നത് ശ്രദ്ധേയമാണ്.
നേരത്തെ സാമുദായിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഉത്തരകാശിയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വ്യാപാരികളോട് സംഘപരിവാര്‍ സംഘടനകള്‍ കടകള്‍ അടച്ചിട്ട് സംസ്ഥാനം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുസ്‌ലിം മതനേതാക്കളുടെ മഹാപഞ്ചായത്ത് വിളിച്ചിരുന്നു.
ഒരു മുസ്‌ലിം യുവാവും ഹിന്ദു യുവാവും ചേര്‍ന്ന് 14കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് മെയ് 26 മുതലാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. ഇത് ‘ലവ് ജിഹാദ്’ ആണെന്നാണ് പ്രദേശവാസികള്‍ ആരോപിച്ചത്.
കുറ്റക്കാരായ ഉബൈദ് ഖാന്‍, ജിതേന്ദ്ര സൈനി എന്നിവര്‍ മെയ് 27ന് അറസ്റ്റിലായിരുന്നു. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ നിരവധി സ്ഥലങ്ങളില്‍ മുസ്‌ലിം കടകളും വീടുകളും നശിപ്പിക്കുകയായിരുന്നു.
ജൂണ്‍ അഞ്ചിനകം ഉത്തരകാശിയിലെ പുരോല മാര്‍ക്കറ്റില്‍ നിന്ന് മുസ്‌ലിം വ്യാപാരികള്‍ കടകള്‍ അടച്ച് സംസ്ഥാനം വിട്ട് പോകണമെന്ന പോസ്റ്ററുകളും സംഘപരിവാര്‍ പതിപ്പിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പല മുസ്‌ലിം വ്യാപാരികളും കടകള്‍ അടച്ചിടാനും ജില്ല വിട്ടുപോകാനും തുടങ്ങിയിരുന്നു.
ഇതിനിടയില്‍ ബി.ജെ.പി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സംസ്ഥാനത്ത് ‘ലവ് ജിഹാദ്’ കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്ന പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു.