ഷിംല: ഹിമാചല്‍ പ്രദേശില്‍ പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ വാദികള്‍. തലസ്ഥാനനഗരിയായ ഷിംലയിലെ സഞ്ജൗലിയിൽ ഒരു മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മസ്ജിദ് പൊളിക്കാന്‍ തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മസ്ജിദില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നുവെന്നും വലതുപക്ഷ വാദികള്‍ ആരോപിച്ചിരുന്നു.
ഹിന്ദു ജാഗരന്‍ മഞ്ച് ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകളാണ് സഞ്ജൗലിയില്‍ പ്രതിഷേധം നടത്തിയത്. നൂറുകണക്കിന് ആളുകളാണ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് സഞ്ജൗലിയില്‍ എത്തിയത്. പൊലീസുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. ലാത്തി ചാര്‍ജിനിടയില്‍ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം മസ്ജിദ് നിര്‍മിച്ചിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് അവകാശപ്പെട്ടു. വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള രേഖകള്‍ പ്രകാരം ഒരു നിലയുള്ള മസ്ജിദ് കെട്ടിടം സഞ്ജൗലിയില്‍ നിര്‍മിച്ചിട്ടുണ്ടെന്നും പറയുന്നു.
എന്നാല്‍ മസ്ജിദില്‍ കൂടുതലായി പണിതിട്ടുള്ള അധിക നിലകളെ സംബന്ധിച്ച വിഷയമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്ന് വാദിച്ചാണ് ആൾകൂട്ടം ഷിംലയിലെത്തിയത്.
മസ്ജിദ് നിലവില്‍ കോടതിയുടെ പരിഗണനിയിലാണ്. 2000 ല്‍ ഷിംല മുന്‍സിപ്പില്‍ കമ്മീഷണറുടെ മുമ്പാകെ മസ്ജിദിനെതിരെ പരാതി എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മസ്ജിദ് കോടതിയുടെ നിരീക്ഷണത്തിലായത്.
തീവ്രവലതുപക്ഷ സംഘടനകള്‍ നടത്തിയ പ്രക്ഷോഭം ഷിംലയെ മുഴുവനായും ബാധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ ഭാരതീയ നാഗരിക് സന്‍ഹിത സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.
ഇത് മുന്നറിയിപ്പില്ലാതെ സ്ഥലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനായി കാരണമായി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും ഏതാനും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുടുങ്ങുകയുണ്ടായി.
ഷിംലയിലെ ധല്ലി സബ്‌സി മണ്ടിയില്‍ ഒത്തുകൂടിയ ആൾകൂട്ടം തുടര്‍ന്ന്
സഞ്ജൗലിലേക്ക് എത്തുകയായിരുന്നു. മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആൾകൂട്ടം പള്ളി പൊളിക്കണമെന്ന ആവശ്യമുന്നയിച്ചത്.
ഇതിനുപിന്നാലെ പ്രതിഷേധക്കാരായ ഹിന്ദു ജാഗരന്‍ മഞ്ച് സെക്രട്ടറി കമല്‍ ഗൗതം ഉള്‍പ്പെടെ നിരവധി തീവ്രവലതുപക്ഷ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ്ങിനെതിരെ വലതുപക്ഷ നേതാക്കള്‍ രംഗത്തെത്തി. മുഖ്യമന്ത്രി ഇക്കാര്യത്തെ ഗൗരവമായി കാണുന്നില്ലെന്നും മസ്ജിദിന്റെ നിര്‍മാണം നിയമവിരുദ്ധമാണെങ്കില്‍ അതനുസരിച്ച് മുന്നോട്ടുപോകണമെന്നും ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ജയ് റാം താക്കൂര്‍ പറഞ്ഞു. ഷിംലയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കാരണമാകരുതെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ്ങും പ്രതികരിച്ചു.
Content Highlight: Hindu extremists call for demolition of mosque in Shimla