| Wednesday, 29th January 2020, 2:56 pm

'മതത്തിന്റെ പേരിലെ വിവേചനം പാപമാണ്, ഹൈന്ദവ വിരുദ്ധമാണ്', പൗരത്വ നിയമം പിന്‍വലിക്കാന്‍ ഉപവാസ സമരത്തിനൊരുങ്ങി ഹിന്ദു ധര്‍മ സംരക്ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുക്കം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം നടന്നുവരികയാണ്. കേന്ദ്രസര്‍വ്വകലാശാലകളിസും രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടി നേതാകളും വിദ്യാര്‍ത്ഥികളും അടക്കം ഭരണഘടനയില്‍ വിശ്വസിക്കുന്ന ഓരോ പൗരനും പൗരത്വഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങുകയാണ്.

ഇതിനിടെ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഉപവാസ സമരത്തിനൊരുങ്ങിയിരിക്കുകയാണ് കോഴിക്കോട് മുക്കത്തുള്ള ഹിന്ദു ധര്‍മ സംരക്ഷണസമിതി. ‘ഭാരതീയ ബഹുസ്വരത കാക്കാന്‍ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍’ എന്ന ലക്ഷ്യത്തിനായി ഹിന്ദുധര്‍മ സംരക്ഷകര്‍ ഉപവസിക്കുന്നു എന്നാണ് സമിതി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഫെബ്രുവരി മൂന്നിന് ഉപവാസം സംഘടിപ്പിക്കുന്നത്. രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ നടക്കുന്ന ഉപവാസ സമരത്തോടൊപ്പം ബഹുസ്വര സംഗമവും നടത്തുന്നുണ്ട്.

പൗരത്വനിയമത്തിലൂടെ രാജ്യത്ത് ഹിന്ദുവും മുസ്ലീമും തമ്മില്‍ മതസ്പര്‍ധ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും നിയമത്തെ രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളും പിന്തുണക്കുന്നില്ലായെന്ന് കാണിക്കാനാണ് ഹിന്ദു ധര്‍മ്മ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും സമിതി ചെയര്‍മാന്‍ ചന്ദ്രന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് ഹിന്ദുക്കളാണ്. എല്ലാ മതക്കാര്‍ക്കും ഒരുപോലെ സ്വാതന്ത്രമുള്ള രാജ്യമാണ് ഇന്ത്യ. ഈ ഇന്ത്യയില്‍ ഒരു വിഭാഗത്തിനെ മാറ്റി നിര്‍ത്തികൊണ്ടുള്ള ഒരു ബില്ല് അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യാ രാജ്യത്തുള്ള ഭരണതലവന്മാര്‍ ഭരണഘടന തൊട്ട് സത്യം ചെയ്തിട്ടാണ് അധികാരത്തില്‍ എത്തിയത്. ഇവര്‍ തന്നെയാണ് ഇത് ചെയ്യുന്നത്. ഇവരുടെ പ്രവര്‍ത്തി മുഴുവന്‍ ഹിന്ദുക്കള്‍ക്കും ചീത്തപേരാണ്. ഇതിലൂടെ ഹിന്ദുവും മുസ്ലീമും തമ്മില്‍ ഒരു മതസ്പര്‍ധ വരികയാണ്. ഞങ്ങള്‍ ഇതിന് കൂട്ട് നില്‍ക്കില്ല. നിയമത്തെ ഒരു വിഭാഗം ഹിന്ദുക്കള്‍ മാത്രമെ പിന്തുണക്കുകയുള്ളൂ. ഇതില്‍ എല്ലാവരും കുറ്റക്കാരല്ല. ഇതിനെതിരെ ഹിന്ദു ധര്‍മ്മ സംരക്ഷണ സമിതിയെന്ന പേരില്‍ മുക്കത്ത് ഒരു സമിതിയുണ്ടാക്കി. ഇതിന്റെ നേതൃത്വത്തിലാണ് മുക്കത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. ഇതില്‍ വിവിധ മതരാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. ഇത് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമാവുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുക്കള്‍ മുഴുവന്‍ ഇതിനെ പിന്തുണക്കുന്നുവെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടിവിടെ. എന്നാല്‍ അങ്ങനെയല്ലാത്തവരും ഇവിടെയുണ്ടെന്ന് തെളിയിക്കാനാണ് ഇത്തരത്തിലൊരു പ്രതിഷേധം സംഘടിപ്പിക്കുന്നത്’ ചന്ദ്രന്‍ പറഞ്ഞു.

‘ചര്‍ച്ചയിലൂടെയാണ് ഇത്തരമൊരു ആശയം ഉടലെടുത്തതെന്നും മറ്റുള്ളവരെ സ്‌നേഹിക്കണമെന്നാണ് ഞങ്ങളെ പഠിപ്പിച്ചത് ആരെയും ദ്രോഹിക്കരുതെന്നാണ് രക്ഷിതാക്കളും ഗുരുക്കന്മാരുമൊക്കെ പഠിപ്പിച്ചത്. അതാണ് നേതാക്കന്മാരും പഠിപ്പിക്കുന്നത്. ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്നല്ലോ പഠിപ്പിക്കുന്നത്. അപ്പോള്‍ അതില്‍ നിന്നും വ്യതിചലിച്ചുപോകുന്നത് ശരിയല്ലായെന്ന തോന്നിയിട്ടാണ് ഞങ്ങള്‍ ഇങ്ങനെയൊരു പ്രതിഷേധം സംഘടിപ്പിക്കുന്നത്. പിന്തുണയറിയിച്ച് ഇനിയും ആളുകള്‍ വരുമെന്നാണ് പ്രതീക്ഷ. 90 ശതമാനം ഹിന്ദുക്കളും നിയമത്തിനെതിരാണ്.’ ചന്ദ്രന്‍ പറഞ്ഞു.

‘ലോകാ സമസ്താ സുഖിനോ ഭവന്തു’എന്ന പ്രാര്‍ത്ഥിക്കുന്ന ഹിന്ദുവിന് സംബന്ധിച്ചിടത്തോളം മതത്തിന്റെ പേരില്‍ ആരോടെങ്കിലും വിവേചനം കാണിക്കുന്നത് പാപമാണ്. പൗരത്വം നല്‍കുന്നതിന് മതം മാനദണ്ഡമാകുന്നതും മതത്തിന്റെ പേരില്‍ ആരെയെങ്കിലും പുറത്താക്കുന്നതും ഹൈന്ദവ വിരുദ്ധമാണെന്നും ഹിന്ദു ധര്‍മ സംരക്ഷണസമിതി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും തമ്മില്‍ ശക്തമായ സാമൂഹിക ബന്ധം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ആ സൗഹാര്‍ദ്ദത്തിന് പോറലേല്‍പിക്കുന്ന ഒന്നും തന്നെ ഉണ്ടാകരുതെന്നും പ്രസ്താവന കുറിപ്പില്‍ പറയുന്നുണ്ട്.

ഭരണഘടനയെ സംരക്ഷിക്കാനുള്ള ഒന്നിച്ചുള്ള പോരാട്ടത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രതിഷേധം പ്രതീക്ഷയുളവാക്കുന്നതാണെന്നും മുക്കം സ്വദേശിയും കെ.എസ്.യു പ്രവര്‍ത്തകനുമായ ദിശാല്‍ പറഞ്ഞു.

‘ഇന്ത്യയില്‍ ഒരു സംസ്‌കാരമുണ്ട്. എല്ലാകാലത്തും ഇവിടെ വരുന്ന അതിഥികളെ സ്വീകരിച്ച് അവര്‍ക്ക് വേണ്ടതൊക്കെ ചെയ്ത് കൊടുക്കുന്ന ഒരു സംസ്‌കാരമുണ്ട് ഇന്ത്യക്ക്. അത്തരത്തിലൊരു ഹൈന്ദവ സംസ്‌ക്കാരത്തെ ഹിന്ദു മതം ഞങ്ങളുടേതാണെന്ന് പറഞ്ഞിട്ട് തീവ്രഹിന്ദുത്വ വലതുപക്ഷ സംഘപരിവാര്‍ രംഗത്ത് വരികയാണ്. ഈ പൗരത്വനിയമം മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന കാര്യമല്ല മറിച്ച് ഗാന്ധിയായാലും അംബേദ്ക്കറായാലും വിഭാവനം ചെയ്ത ഇന്ത്യയിലെ മതേതര പാരമ്പര്യം നിലനിര്‍ത്തുന്നത് ഇന്ത്യയിലെ ഭരണഘടനയാണ്. ഈ ഭരണഘടനയുടെ മൂല്യങ്ങളെ തകര്‍ക്കുന്നതാണെന്ന് ബോധം ഉള്‍ക്കൊള്ളുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ട്. അവര്‍ നടത്തുന്ന പരിപാടി വളരെ വലുതാണ്. ഈ പരിപാടിയില്‍ വലിയ പ്രതീക്ഷയുണ്ട്. ഇവിടെ എല്ലാവരും ഒന്നിച്ച് നില്‍ക്കുകയാണ്. ഭരണഘടനയെ സംരക്ഷിക്കാനുള്ള ഒന്നിച്ചുള്ള പോരാട്ടത്തില്‍ വലിയൊരു കാര്യമാണ്.’ ദിശാല്‍ പറഞ്ഞു.

അദ്വൈത സിദ്ധാന്തമടക്കമുള്ള ഹിന്ദു ദര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമം എതിര്‍ക്കപ്പെടേണ്ടതിന്റെ കാരണങ്ങള്‍ സമിതി വ്യക്തമാക്കുന്നത്. എല്ലാ മതവിഭാഗക്കാരും പരിപാടിയിലേക്ക് എത്തിച്ചേരണമെന്നും സമിതി ആഹ്വാനം ചെയ്യുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more