പൊലീസ് തടഞ്ഞു; പാഞ്ചാലിമേട്ടില്‍ കെ.പി ശശികലയുടെ നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദിയുടെ നാമജപ പ്രതിഷേധം
Kerala News
പൊലീസ് തടഞ്ഞു; പാഞ്ചാലിമേട്ടില്‍ കെ.പി ശശികലയുടെ നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദിയുടെ നാമജപ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2019, 12:37 pm

പാഞ്ചാലിമേട്: ഇടുക്കിയിലെ പാഞ്ചാലിമേട്ടില്‍ നാമജപ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. കെ.പി ശശികലയുടെ നേതൃത്വത്തില്‍ രാവിലെ പതിന്നൊന്ന് മണിയോടെയാണ് സംഘം പാഞ്ചാലിമേട്ടിലെത്തിയത്.

റവന്യൂ ഭൂമിയായ പാഞ്ചാലിമേട് കയ്യേറി കണയങ്കവയല്‍ സെന്റ് മേരീസ് ചര്‍ച്ച് അധികൃതര്‍ കുരിശു നാട്ടിയിരുന്നു. ഇത് പൊളിച്ചു നീക്കാന്‍ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ പാഞ്ചാലിമേട് ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമാണെന്നാണ് ഹൈന്ദവസംഘടനകളുടെ അവകാശ വാദം. പാഞ്ചാലിമേട്ടില്‍ പുതുതായി സ്ഥാപിച്ച കുരിശിനൊപ്പം ശൂലവും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും എടുത്തുമാറ്റാന്‍ റവന്യൂ വകുപ്പിന്റെ ഉത്തരവുണ്ട്.

പാഞ്ചാലിമേട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദിക്കാരെ പൊലീസ് തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘം നാമജപ പ്രതിഷേധം തുടങ്ങിയത്.

വള്ളിക്കാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് പാഞ്ചാലിമേട് എന്നാണ് ഹൈന്ദവ സംഘടനകള്‍ ഉന്നയിക്കുന്ന മറ്റൊരു വാദം. എന്നാല്‍
അമ്പലത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയല്‍ പള്ളി അധികൃതര്‍ പറയുന്നത്.

കുരിശുകളും അമ്പലവും റവന്യൂ ഭൂമിയിലാണെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാല്‍ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.

ഇക്കഴിഞ്ഞ ദുഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകള്‍ കളക്ടറുടെ സമവായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പള്ളി നീക്കം ചെയ്തിരുന്നു. എന്നാല്‍ ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകള്‍ പൊളിച്ചു മാറ്റിയിട്ടില്ല. ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ഡി.ടി.പി.സി രംഗത്തെത്തിയിരുന്നു.

പാഞ്ചാലിമേട്ടില്‍ 490 ഏക്കര്‍ ഭൂമിയാണുള്ളത്. 2016-17ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ 22 ഏക്കര്‍ സ്ഥലം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിട്ടുണ്ട്. ആ 22 ഏക്കറിനുള്ളിലാണ് കുരിശുകള്‍ സ്ഥാപിച്ചതെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം.

ഡി.ടി.പി.സി. ഈ 22 ഏക്കറിന് ചുറ്റും വേലികെട്ടി ടൂറിസ്റ്റുകളെ ടിക്കറ്റ് വെച്ച് പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ ഡി.ടി.പി.സിക്ക് ഈ ഭൂമിയില്‍ അവകാശമില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ വാദം.