| Thursday, 22nd September 2022, 9:50 am

വാരിയംകുന്നന്റെ ചിത്രം മെട്രോയില്‍ സ്ഥാപിച്ചതിന് പിന്നില്‍ ഗൂഢലക്ഷ്യം: വത്സന്‍ തില്ലങ്കേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോയുടെ വടക്കേക്കോട്ട സ്റ്റേഷനില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ ഹിന്ദു ഐക്യവേദി വീണ്ടും രംഗത്ത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരില്‍ നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും ചിത്രങ്ങള്‍ സ്ഥാപിച്ചതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വത്സന്‍ തില്ലങ്കേരി കൊച്ചിയില്‍ പറഞ്ഞു. മെട്രോ സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ മെട്രോ സ്റ്റേഷനില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും നേരത്തെയും രംഗത്തെത്തിയിരുന്നു.

മെട്രോ സ്‌റ്റേഷനിലുള്ള ചിത്രങ്ങള്‍ നീക്കാന്‍ ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനകത്ത് കയറി ചിത്രത്തിന് മുകളില്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ചാ പ്രവര്‍ത്തകരായ അരുണ്‍, കെ.എസ് ഉണ്ണി എന്നിവരെ കൊച്ചി മെട്രോ സ്റ്റേഷന്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രം സ്ഥാപിച്ചിട്ടുള്ളത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രത്തിനൊപ്പം മലബാര്‍ കലാപത്തെക്കുറിച്ചുള്ള ചെറു വിവരണവും വടക്കേക്കോട്ട സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ബി.ജെ.പി, ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

ഓരോ സ്റ്റേഷനിലും ഓരോ വിഷയത്തെ ആസ്പദമാക്കി ചിത്രങ്ങളും ചെറു വിവരണങ്ങളുമെന്നതാണ് കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ തുടരുന്ന രീതി. ഇതിന്റെ ഭാഗമായി വടക്കേക്കോട്ട സ്റ്റേഷനില്‍ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ കേരളത്തിന്റെ പങ്ക് എന്ന വിഷയമാണ് തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മലബാര്‍ കലാപത്തിന്റെ വിവരണവും ചിത്രങ്ങളും സ്റ്റേഷനില്‍ സ്ഥാപിച്ചത്.

നേരത്തെ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാല്‍ അത് തകര്‍ക്കാന്‍ ലോകത്തിലെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തുമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയും രംഗത്തെത്തിയിരുന്നു.

1921ലെ ഹിന്ദു വംശഹത്യക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സ്മാരകം പണിയാനുള്ള നീക്കത്തില്‍ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്മാറണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശികലയുടെ ഭീഷണി.

Content Highlight: Hindu Aikyavedi Leader Valsan Thillankeri on Variyamkunnan Image on Kochi Metro

We use cookies to give you the best possible experience. Learn more