കോഴിക്കോട്: ഹാദിയ കേസില്‍ ലവ് ജിഹാദ് കാണാനാകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. വി ബാബു. ഹാദിയ കേസ് ലവ് ജിഹാദാണെന്ന തരത്തില്‍ വലിയ രീതിയിലുള്ള പ്രചരണം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വരുമ്പോഴാണ് ആര്‍. വി ബാബുവിന്റെ പ്രതികരണം. മീഡിയ വണ്‍ ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലായിരുന്നു ആര്‍. വി ബാബുവിന്റെ പ്രതികരണം.
അഖില-ഹാദിയ കേസ് ലവ് ജിഹാദ് കേസല്ല. വിവാഹത്തിന് മുമ്പ് എന്തിനാണ് ഈ കുട്ടികളെ മതപഠന കേന്ദ്രത്തില്‍ കൊണ്ടു പോയി ആക്കുന്നത് എന്നായിരുന്നു ആര്‍ വി ബാബു ചോദിച്ചത്.
‘ഹാദിയ കേസില്‍ ലവ് ജിഹാദില്ല. അതില്‍ പ്രണയമില്ലായിരുന്നല്ലോ. ആ കേസിലെ വിവാഹം എന്നത് പിന്നീട് വന്ന കാര്യമാണ്. കൊല്ലത്ത് നിന്നുള്ള ഒരുവ്യക്തിയെ കണ്ടെത്തി വിവാഹം കഴിപ്പിക്കുകയാണ് ചെയ്തത്. നിങ്ങള്‍ തെറ്റിദ്ധരിച്ചെങ്കില്‍ അത് തിരുത്തണമെന്നുമാണ്.
പെണ്‍കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കുന്നു, ആ സമയത്തൊന്നും ഇങ്ങനെയൊരു ആണ്‍കുട്ടി ചിത്രത്തിലേ ഇല്ല. അവിടെ കോടതിയെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണ ഏജന്‍സിയെ തെറ്റിദ്ധരിപ്പിക്കാനും തട്ടിക്കൂട്ടിയുണ്ടാക്കിയ കല്ല്യാണമാണിത്,’ ആര്‍ വി ബാബു പറഞ്ഞു.
എന്നാല്‍ സംഘപരിവാര്‍ പ്രചരിപ്പിച്ചത് ഇത് ലവ് ജിഹാദ് ആണെന്നാണ്. അഖില എന്ന ഹാദിയ ലവ് ജിഹാദിന്റെ ഇരയാണ് എന്നാണ് പ്രചരിപ്പിച്ചിരുന്നത് എന്ന് അവതാരകന്‍ പറയമ്പോള്‍ പ്രണയം നടിച്ച് മതം മാറ്റുന്നിതനെയാണ് ലവ് ജിഹാദ് എന്ന് പറയുന്നത് എന്നാണ് ആര്‍ വി ബാബു പറഞ്ഞത്.
ഹാദിയ കേസ് ലവ് ജിഹാദല്ല, മതം മാറിയുള്ള എല്ലാ വിവാഹങ്ങളെയും ഒരു ടേമില്‍ കൊണ്ടു വരുന്നതില്‍ ചിലപ്പോള്‍ തെറ്റു കാണാനാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഏറെ വിവാദമായിരുന്ന കേസായിരുന്നു ഹാദിയ കേസ്. ലവ് ജിഹാദാണെന്ന തരത്തില്‍ വലിയ രീതിയില്‍ പ്രചാരണം നടത്തിയിരുന്ന കേസില്‍ കോടതി അസ്വാഭാവികമായൊന്നും കണ്ടെത്തിയിരുന്നില്ല. ഇത് പെണ്‍കുട്ടിയുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
2016ല്‍ ആണ് ഹാദിയയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കുന്നത്. തന്നെ ആരും തടഞ്ഞു വെച്ചിട്ടില്ലെന്നും സ്വന്തം താത്പര്യപ്രകാരമാണ് പോയതെന്ന് വ്യക്തമായതോടെ കോടതി ഹാദിയയെ അവരുടെ ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കുകയായിരുന്നു.
ഹാദിയയുടെ മതംമാറ്റത്തില്‍ എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടായോ എന്ന് പൊലീസിനോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് 2016 അവസാനത്തിലാണ് ഷെഫിന്‍ ജഹാനുമായി ഹാദിയയുടെ വിവാഹം നടന്നത്.
എന്നാല്‍ അശോകന്‍ വീണ്ടും ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിക്കുകയും ഹാദിയയെ അച്ഛനൊപ്പം വിട്ടയക്കുകയുമായിരുന്നു. തുടര്‍ന്ന് 2017ല്‍ ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദ് ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു.
ഹേബിയസ് കോര്‍പ്പസ് ഹരജികളില്‍ വിവാഹം റദ്ദ് ചെയ്യാനുള്ള അവകാശം ഹൈക്കോടതിക്കില്ലെന്നായിരുന്നു സുപ്രീംകോടതി ഇതില്‍ വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് ഹാദിയയ്ക്ക് ഇഷ്ടപ്രകാരം പോകാമെന്നും പഠനം തുടരാമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.
അടുത്തിടെ ഹാദിയയെ കാണാന്‍ ഹാദിയ ജോലി ചെയ്യുന്ന ക്ലിനിക്കില്‍ അച്ഛനും അമ്മയും എത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Hindu Aikyavedi leader R V Babu says Hadiya Case is not Love Jihad