| Saturday, 13th January 2024, 11:14 pm

സത്താര്‍ പന്തലൂരിന്റെ പ്രസംഗത്തിനെതിരെ പരാതി നല്‍കി ഹിന്ദു ഐക്യവേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമസ്തയുടെ നേതാക്കന്മാരെ ആരെങ്കിലും പ്രയാസപ്പെടുത്തിയാല്‍ അവരുടെ കൈവെട്ടാന്‍ പ്രവര്‍ത്തകര്‍ തയ്യാറാണെന്ന പരാമര്‍ശത്തില്‍ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തലൂരിനെതിരെ പൊലീസില്‍ പരാതി. ഹിന്ദു ഐക്യവേദിയാണ് പന്തലൂരിനെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

സമസ്തക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാറായിട്ടുള്ള പ്രസ്ഥാനത്തിന്റെ മുന്നറിയിപ്പാണ് താന്‍ വ്യക്തമാക്കിയതെന്നും മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയില്‍ സത്താര്‍ പന്തല്ലൂര്‍ പറഞ്ഞിരുന്നു.

സമസ്തയിലെ സി.ഐ.സി തര്‍ക്കത്തില്‍ ലീഗിന്റെ നിലപാടും മുസ്ലിം ലീഗിലെ പി.എം.എ. സലാം ഉള്‍പ്പെടെയുള്ള നേതാക്കളുമായുള്ള അസ്വാരസ്യങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സത്താര്‍ പന്തലൂര്‍ പരാമര്‍ശം നടത്തിയത്.

‘സമസ്തയുടെ ഉസ്താദുമാരെ പ്രയാസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആര് വന്നാലും അവരുടെ കൈവെട്ടാന്‍ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തകന്മാര്‍ മുമ്പിലുണ്ടാകും.ഇവരെ അപമാര്യാദയോടെ ആരും കാണേണ്ടതില്ല. സമസ്തക്ക് വേണ്ടി ജനിച്ച, അതിന് വേണ്ടി ജീവിക്കുന്ന, അവര്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറായിട്ടുള്ള പ്രസ്ഥാനത്തിന്റെ മുന്നറിയിപ്പാണ് ഇതെന്ന് എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ്,’ സമാപന റാലിയില്‍ സത്താര്‍ പറഞ്ഞു.

സമസ്ത ഒരു കാര്യം പ്രഖ്യാപിച്ചിട്ട് അതിനൊപ്പം നിന്നതിന് എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തകരെ വേട്ടയാടാന്‍ വന്നാല്‍ അവരെ തിരിച്ചും വേട്ടയാടാന്‍ ഈ പ്രസ്ഥാനത്തിന് കഴിയുമെന്നും സത്താര്‍ പറഞ്ഞിരുന്നു.

Content Highlight: Hindu Aikyavedi filed a complaint against Sathar Panthalur’s speech

We use cookies to give you the best possible experience. Learn more