| Monday, 21st December 2020, 6:05 pm

'തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തന്നേയും കുടുംബത്തേയും വേട്ടയാടുന്നു'; ബി. ഗോപാലകൃഷ്ണനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി ഹിന്ദു ഐക്യവേദി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ബി.ജെ.പി നേതാവും തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി. ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി നേതാവ്.

തൃശൂര്‍ ജില്ലാ സെക്രട്ടറി കേശവദാസാണ് ഗോപാലകൃഷ്ണനെതിരെ രംഗത്തെത്തിയത്. കുട്ടന്‍കുളങ്ങരയിലെ തോല്‍വി ഗോപാലകൃഷ്ണന്‍ തന്റെ തലയില്‍ കെട്ടിവെക്കുകയാണെന്നും തന്നേയും കുടുംബത്തേയും അപമാനിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ കേശവദാസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടന്‍കുളങ്ങരയില്‍ തോറ്റത് താന്‍ കാരണമാണെന്ന് പ്രചരിപ്പിക്കുന്നെന്നും കുടുംബത്തിന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ബി.ജെ.പി കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്.

നിലവില്‍ ആറു സീറ്റുകള്‍ മാത്രമുണ്ടായിരുന്ന തൃശ്ശൂര്‍ കോര്‍പറേഷനില്‍ വിജയം പ്രതീക്ഷിച്ചാണ് ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരെ ബി.ജെ.പി രംഗത്തിറക്കിയത്.

എന്നാല്‍ തൃശൂരില്‍ താന്‍ തോറ്റെങ്കിലും ഇപ്പോഴും പരാജയപ്പെട്ടിട്ടില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്‍ തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടന്‍കുളങ്ങരിയില്‍ പരാജയപ്പെട്ടെങ്കിലും തന്നെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ സി.പി.ഐ.എമ്മിന് ആകില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാക്കുകള്‍.

തന്റെ പരാജയം സി.പി.ഐ.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ ഗോപാലകൃഷ്ണന്‍ വരാന്‍ പാടില്ല എന്ന സംഘടിതമായ നീക്കത്തിന്റെ ഭാഗമായി ഉണ്ടാക്കിയ അട്ടിമറിയാണെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

‘സമീപകാലത്ത് കോണ്‍ഗ്രസില്‍ നിന്ന് സി.പി.ഐ.എമ്മിലേക്ക് വന്ന ഒരു നേതാവിന്റെ കീഴില്‍ തൃശൂര്‍ ജില്ല സി.പി.ഐ.എം സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യംവെച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ഒരാളെ ചുമതലപ്പെടുത്തി. ആ ചുമതലപ്പെടുത്തിയ ആള്‍ അവിടെ വന്ന് സര്‍ക്കുലര്‍ ഇറക്കി സി.പി.ഐ.എമ്മിന്റേയും അതുവഴി വളരെ കൃത്യമായ ഒരു ജാതി രാഷ്ട്രീയത്തിന്റേയും സങ്കലനമുണ്ടാക്കിയിട്ടാണ് എന്നെ പരാജയപ്പെടുത്തിയത്’ എന്നായിരുന്നു അന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ തന്നെ തോല്‍പ്പിക്കാന്‍ സി.പി.ഐ.എം കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hindu AIkya Vedi Leader File Complaint Against B Gopalakrishnan

We use cookies to give you the best possible experience. Learn more