പ്രകോപനപരമായ പ്രസംഗം; ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍
Kerala News
പ്രകോപനപരമായ പ്രസംഗം; ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th February 2021, 9:05 pm

ആലപ്പുഴ: ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ജിനു മോന്‍ അറസ്റ്റില്‍. പ്രകോപന പരമായ പ്രസംഗം നടത്തിയതിനാണ് ജിനു മോനെ പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്.

വയലാറിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപന പ്രസംഗം. എസ്.ഡി.പി.ഐ അല്ല പ്രശ്‌നമെന്നും പ്രശ്‌നം ഇസ്ലാമാണെന്നുമായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ പ്രസംഗം.

കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ആലപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഇദ്ദേഹത്തിന്റെ വിദ്വേഷ പരാമര്‍ശം.

‘എസ്.ഡി.പി.ഐ അല്ല, അവരല്ല തീവ്രവാദികള്‍. തീവ്രവാദികള്‍ ഇസ്‌ലാമാണ്. ഇസ്ലാം തീവ്രവാദത്തിന്റെ മതമാണ്. ഇസ്ലാം ഒറ്റപ്പെടുത്തേണ്ട മതമാണ്. ഇസ്ലാം വര്‍ഗീയതയുടെ മതമാണ്. ഇസ്ലാം ലോകത്തിന്റെ നാശത്തിനുണ്ടായ മതമാണ്. അത് പറയാന്‍ ആരും മടിക്കേണ്ട. ഇസ്ലാം ഈ ലോകത്തിന്റെ നാശത്തിന് വേണ്ടി ഉണ്ടായ മതമാണ്. അതുകൊണ്ട് എസ്.ഡി.പി.ഐ എന്ന പേര് പറഞ്ഞുകൊണ്ട് സംഘപ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ് പരിശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് സാധ്യമല്ല. ഇന്നത്തെ ഈ പ്രതിഷേധം കൊണ്ട് ഇത് അസ്തമിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കരുത്. ഞങ്ങള്‍ക്ക് പോയത് നമ്മുടെ ചോരയാണ്. നമ്മുടെ സഹോദരന്റെ ചോരയ്ക്ക് ചോരകൊണ്ട് മറുപടി പറയാന്‍ തയാറാണ്’, എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.


അതേസമയം ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

റിയാസ്, നിഷാദ്, അനസ്, അബ്ദുല്‍ ഖാദര്‍, അന്‍സില്‍, സുനീര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് ചേര്‍ത്തലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വയലാര്‍ തട്ടാംപറമ്പ് നന്ദു (22) വെട്ടേറ്റ് മരിച്ചത്. പ്രദേശത്തുണ്ടായ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെയാണു മരണം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് നടന്ന എസ്.ഡി.പി.ഐയുടെ വാഹനപ്രചരണജാഥയിലെ പ്രസംഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

തുടര്‍ന്ന് വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വയലാറില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ വെട്ടിയവരെയും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ ജാഥക്ക് നേരെ ആര്‍.എസ്.എസ് ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നുവെന്നാണ് എസ്.ഡി.പി.ഐ നേതാക്കളുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hindu Aikya Vedi Alappuzha District Secratary Arrest