| Tuesday, 13th September 2022, 9:47 pm

'ഹിന്ദുമത വിശ്വാസത്തെ അധിക്ഷേപിച്ചു'; സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നല്‍കിയത്. ചാനല്‍ പരിപാടിക്കിടയില്‍ ഹിന്ദുമത വിശ്വാസത്തെ നടന്‍ അധിക്ഷേപിച്ചുവെന്നാണ് ആരോപണം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റ് പരിപാടിയില്‍ നടന്‍ നടത്തിയ പരാമര്‍ശമാണ് സംഘപരിവാര്‍ പ്രാഫൈലുകള്‍ വിവാദമാക്കിയിരിക്കുന്നത്. അവതാരകയായ അശ്വതിയോട് കൈകളില്‍ ചരട് കെട്ടുന്നത് മോശമാണന്ന് പറഞ്ഞുവെന്നും ശബരിമലയിലെ ശരംകുത്തിയാലിനെയും മോശമായി പരാമര്‍ശിച്ചുവെന്നും ഹിന്ദു ഐക്യ വേദി ആരോപിക്കുന്നു.

ഇത് ഹിന്ദുമത വിശ്വാസത്തെയും ആചാരങ്ങളെയും വൃണപ്പെടുത്തുന്നു. അതിനാല്‍ സുരാജിനെതിരെ ഐ.പി.സി 295 എ പ്രകാരം കേസെടുക്കണം എന്നും സംഘടനാ പരാതിയില്‍ ആവശ്യപ്പെടുന്നു.

ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കിളിമാനൂര്‍ സുരേഷ്, ജില്ലാ സംഘടനാ സെക്രട്ടറി വഴയില ഉണ്ണി, സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാര്‍ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. ആര്‍.എസ്.എസിന്റെ പോഷക സംഘടനയാണ് ഹിന്ദു ഐക്യ വേദി. കേരളം ആസ്ഥാനമായുള്ള സംഘടനയുടെ സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയാണ്.

കഴിഞ്ഞ ദിവസമാണ് സുരാജിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ഉയര്‍ന്നുവന്നത്. തുടര്‍ന്ന് നടനെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണങ്ങളാണ് വരുന്നത്. സുരാജിന്റെ ഫേസ്ബുക്ക് പേജില്‍ നിരവധിപ്പേര്‍ മോശം കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്.

ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റ് പരിപാടിക്കിടെ അവതാരകയായ അശ്വതി ശ്രീകാന്തിന്റെ കയ്യില്‍ കെട്ടിയിരിക്കുന്ന ചരട് കണ്ടതിന് ശേഷം ‘നന്നായിട്ട് സാരിയൊക്കെ ഉടുത്ത് അത്യാവശം ഗ്ലാമറൊക്കെ ഉണ്ട്, കയ്യില്‍ അനാവശ്യമായി ചരടുകള്‍, ചില ആലുകളിലൊക്കെ ഉള്ളത് പോലെ, ശരംകുത്തി ആലിന്റെ മുമ്പിലൊക്കെ കാണുന്നത് പോലെയുണ്ട്, വളരെ മോശമല്ലേ ഇതൊക്കെ,’ എന്നായിരുന്നു സുരാജിന്റെ പരാമര്‍ശം.

‘കയ്യില്‍ ചരട് കെട്ടിയവരോടും നെറ്റിയില്‍ കുറിയിട്ടവരോടും ഇപ്പോള്‍ താങ്കള്‍ക്ക് പുച്ഛം ആയിരിക്കും കാരണം ഇപ്പോള്‍ നിങ്ങളുടെ സഹവാസം ഒരു പ്രത്യേക ജനുസില്‍പ്പെട്ടവരുടെ കുടെയാണല്ലോ, ഇനിയും അവാര്‍ഡുകളും, പദവികളും,അവസരങ്ങളും തേടിവരന്‍ ഹിന്ദു വിരുദ്ധന്‍ ആയി തുടരുക തന്നെ വേണം അത്രമേല്‍ ഹൈന്ദവ വിരുദ്ധയുടെ ഒരു ഇക്കോ സിസ്റ്റം കേരളത്തില്‍ രൂപപ്പെട്ടു വരുന്നു, അമ്പലങ്ങളില്‍ വരുന്ന കയ്യില്‍ ചരട് കെട്ടിയവരെയും ചന്ദനക്കുറി തൊടുന്ന ഹിന്ദു മതത്തിലെ സാധാരണ വിശ്വാസികള്‍ ഇട്ട കാണിക്കയില്‍ നിന്നും ഉണ്ടാക്കിയ അമ്പല പറമ്പിലെ സ്റ്റേജുകളില്‍ മിമിക്രി കളിച്ചു പതുക്കെ വളര്‍ന്ന ആള്‍ക്കാര്‍ മലയാള സിനിമയില്‍ എത്തിയപ്പോള്‍ കയ്യില്‍ ചരട് കെട്ടുന്നപോലെ ഉള്ള ഹിന്ദുക്കളുടെ ആചാരങ്ങളും, അനുഷ്ടാനങ്ങളും കാണുമ്പോള്‍ പുച്ഛം,’ എന്നിങ്ങനെ പോകുന്നു സുരാജിനെതിരെ വരുന്ന കമന്റുകള്‍. പ്രസിദ്ധീകരണ യോഗ്യമല്ലാത്ത അസഭ്യങ്ങള്‍ ഉള്‍പ്പെട്ട കമന്റുകളും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

സുരാജിന്റെ സിനിമകളും ഷോകളും ബഹിഷ്‌കരിക്കുമെന്നും സുരാജ് മാപ്പ് പറയണമെന്നും സംഘപരിവാര്‍ പ്രൊഫൈലുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നുണ്ട്.

Content Highlight: Hindu Aikya Vedhi’s Complaint against Actor Suraj Venjaramood

We use cookies to give you the best possible experience. Learn more