| Sunday, 6th September 2020, 2:28 pm

ഹിന്ദി തെരിയാത് പോടാ... ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ ട്വിറ്റര്‍ ക്യാംപെയ്ന്‍ ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹിന്ദി അറിയാത്തതിന്റെ പേരിലും തമിഴ്‌നാട്ടുകാരായതിന്റെ പേരിലും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ച് തമിഴ്‌നാട്ടിലെ രാഷ്ട്രീയ-സാംസ്‌ക്കാരിക മേഖലകളില്‍ നിന്നുള്ളവര്‍ രംഗത്തുവന്നതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി പുതിയ ക്യാംപെയ്ന്‍. ‘ഹിന്ദി തെരിയാത് പോടാ’ എന്ന് തമിഴില്‍ എഴുതിയ ഹാഷ് ടാഗാണ് ട്രെന്‍ഡിംഗ് ആവുന്നത്.

തമിഴ് സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയും യുവനടന്‍ മെട്രോ ശിരിഷും ‘ഹിന്ദി തെരിയാത് പോടാ’ ‘ഐ ആം എ തമിഴ് പേസും ഇന്ത്യന്‍’എന്നീ ക്യാപ്ഷനുകളോടുകൂടിയ ഡിസൈനര്‍ ടീ-ഷര്‍ട്ട് ധരിച്ചുനില്‍ക്കുന്ന പടം ട്വീറ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് ഈ ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചത്.

#TamilspeakingIndian #StopHindiImposition എന്നീ ഹാഷ്ടാഗുകളും ഇതിനൊപ്പം ട്രെന്‍ഡാവുന്നുണ്ട്. നിരവധി പേരാണ് ഈ ഹാഷ്ടാഗ് ചേര്‍ത്തുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.

2011ല്‍ ദല്‍ഹി എയര്‍പോര്‍ട്ടില്‍വെച്ച് താന്‍ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞുകൊണ്ട് സിനിമാസംവിധായകനായ വെട്രിമാരന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ ആടുകളം സിനിമയുടെ സ്‌ക്രീനിങ് കഴിഞ്ഞ് കാനഡയില്‍ നിന്ന് തിരിച്ചുവരുംവഴിയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തോട് മോശമായി പെരുമാറിയതെന്നാണ് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വെട്രിമാരന്‍ പറഞ്ഞത്.

എയര്‍പോര്‍ട്ടില്‍വെച്ച് തന്നോട് ഹിന്ദിയില്‍ സംസാരിച്ച ഉദ്യോഗസ്ഥനോട് തനിക്ക് ഹിന്ദി അറിയില്ലെന്നു പറഞ്ഞപ്പോള്‍ രാജ്യത്തിന്റെ മാതൃഭാഷ അറിയാതിരിക്കുന്നതെങ്ങനെയെന്ന് ചോദിച്ചു. തമിഴാണ് തന്റെ മാതൃഭാഷയെന്നും മറ്റു ഭാഷ സംസാരിക്കുന്ന ആളുകളുമായി ആശയവിനിമയം നടത്തേണ്ടി വരുമ്പോള്‍ ഇംഗ്ലീഷിലാണ് സംസാരിക്കാറെന്ന് മറുപടി നല്‍കിയെന്നും എന്നാല്‍ അതിനുള്ള പ്രതികരണം മോശമായിരുന്നെന്നും വെട്രിമാരന്‍ വെളിപ്പെടുത്തിയിരുന്നു.

തമിഴരും കശ്മീരികളും എപ്പോഴും ഇങ്ങനെയാണെന്നും രാജ്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ഉദ്യോഗസ്ഥന്‍ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്റെ മാതൃഭാഷ സംസാരിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ എങ്ങനെ തകര്‍ക്കും? എന്റെ മാതൃഭാഷ രാജ്യത്തിന്റെ വികസനത്തിന് എങ്ങനെ തടസ്സമാകും എന്നുമായിരുന്നു സംഭവത്തോട് പ്രതികരിച്ചുക്കൊണ്ട് വെട്രിമാരന്‍ പറഞ്ഞത്.

വെട്രിമാരന്റെ അഭിമുഖം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം വീണ്ടും ശക്തമായതെന്നാണ് കരുതുന്നത്. അതേസമയം സമാനമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് തമിഴ്‌നാട്ടില്‍ നിന്നും നിരവധി പേരാണ് കഴിഞ്ഞ മാസം രംഗത്തെത്തിയത്.

ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വിമാനത്താവളത്തില്‍വെച്ച് തനിക്കെതിരെയുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞുക്കൊണ്ട് ഡി.എം.കെ എം.പി കനിമൊഴി നേരത്തെ രംഗത്തെത്തിയിരുന്നു. തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യക്കാരിയല്ലേ എന്ന മറുചോദ്യമാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ ഉന്നയിച്ചതെന്ന് കനിമൊഴി വ്യക്തമാക്കിയിരുന്നു.

ആഗസ്റ്റ് മാസത്തില്‍ ആയുഷ് മന്ത്രാലയം നടത്തിയ വെര്‍ച്വല്‍ ട്രെയിനിംഗിനിടെ ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട് ഇറങ്ങിപ്പോയിക്കോളാന്‍ ആവശ്യപ്പെട്ട സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയുടെ നടപടി വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

തമിഴ്നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരാണ് ആയുഷ് സെക്രട്ടറിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ഇവരെ ഉള്‍പ്പെടുത്തി നടത്തിയ വെബിനാറില്‍ വെച്ച് ഹിന്ദി അറിയില്ലെങ്കില്‍ പരിപാടിയില്‍ നിന്ന് പുറത്തുപോകാന്‍ കേന്ദ്ര ആയുഷ് സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.

ആയുഷ് സെക്രട്ടറിയുടെ നടപടിക്കെതിരെ ശശി തരൂരടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നതെന്നായിരുന്നു തരൂര്‍ പറഞ്ഞത്. ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരെ ഒഴിവാക്കി നിര്‍ത്തുന്ന ഈ സമീപനം എത്ര നാള്‍ സഹിക്കണം എന്നായിരുന്നു ഡി.എം.കെ എം.പി കനിമൊഴി സംഭവത്തോട് പ്രതികരിച്ചത്.

പുതിയ വിദ്യാഭ്യാസനയത്തിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമീപകാലത്ത് തമിഴ്‌നാട്ടില്‍ നിന്നും പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hindi theriyath poda trending new social media campaign against Hindi language impostion

We use cookies to give you the best possible experience. Learn more