'രാഷ്ട്രഭാഷയെ ബഹുമാനിച്ചുകൂടെ' ആവേശത്തിലെ ഡയലോഗിനെതിരെ എക്‌സില്‍ പ്രതിഷേധം
Film News
'രാഷ്ട്രഭാഷയെ ബഹുമാനിച്ചുകൂടെ' ആവേശത്തിലെ ഡയലോഗിനെതിരെ എക്‌സില്‍ പ്രതിഷേധം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th May 2024, 9:40 am

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ശേഷം ആവേശം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമില്‍ ഒരു മലയാളം സിനിമക്ക് ലഭിച്ച ഏറ്റവുമുയര്‍ന്ന തുകയ്ക്കാണ് ചിത്രം സ്ട്രീമിങിന് എത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉയര്‍ന്നു വന്നിരിക്കുകയാണ്.

സിനിമയുടെ ഇന്റര്‍വല്‍ സീനില്‍ ഫഹദിന്റെ രംഗന്‍ എന്ന കഥാപാത്രം ആളുകള്‍ക്ക് വാണിങ് കൊടുക്കുന്ന ഭാഗത്തെച്ചൊല്ലിയാണ് വിവാദം. മലയാളത്തിലും കന്നഡയിലും വാണിങ് കൊടുത്ത ശേഷം രംഗന്‍ ഹിന്ദിയില്‍ അതേ ഡയലോഗ് പറയാന്‍ പോകുന്നുണ്ട്. എന്നാല്‍ ആ സമയം രംഗന്റെ വലംകൈയായ അമ്പാന്‍ ഹിന്ദി വേണ്ടണ്ണാ എന്ന് പറഞ്ഞ് രംഗനെ പിന്തിരിപ്പിക്കുന്നുണ്ട്. ഈ ഡയലോഗാണ് ഒരു വിഭാഗമാളുകളെ ചൊടിപ്പിച്ചത്.

‘ഹിന്ദി ആവശ്യമില്ല, മലയാളവും കന്നഡയും ആവാം, ഹിന്ദി പറ്റില്ല. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് ഹിന്ദിയോടുള്ള കാഴ്ചപ്പാട് നോക്കൂ. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ രാഷ്ട്രഭാഷയ്ക്ക് ബഹുമാനം നല്‍കൂ,’ കാശി ഡി.ക്യൂ എന്ന ഐ.ഡി എക്‌സില്‍ കുറിച്ചു. ഈ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ കമന്റുമായി വരുന്നുണ്ട്. ‘സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല. പിന്നെ എങ്ങനെ രാഷ്ട്രഭാഷയോട് ബഹുമാനമുണ്ടാകും?’, ‘ഇന്ത്യയുടെ 23 ഔദ്യോഗിക ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി. അതുകൊണ്ട് കൂടുതല്‍ ബഹുമാനം കൊടുക്കേണ്ട ആവശ്യമില്ല,’ ‘ ഈ പോസ്റ്റ് ഇംഗ്ലീഷില്‍ ഇടുന്നതിന് പകരം ഹിന്ദിയിലിട്ട് രാഷ്ട്രഭാഷയെ ബഹുമാനിച്ചുകൂടെ’ എന്നിങ്ങനെയാണ് കമന്റുകള്‍.

Content Highlight: Hindi supporters criticize the dialogue in Aavesham