| Monday, 3rd June 2019, 8:03 am

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലും ഹിന്ദി നിര്‍ബന്ധമാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെതിരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന.ഹിന്ദി നമ്മുടെ മാതൃഭാഷയൊന്നുമല്ല. അത് നമ്മുടെ മേല്‍ അടിച്ചല്‍പ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുതെന്ന് എം.എന്‍.എസ് സംസ്ഥാന നേതാവ് അനില്‍ ഷിഡോര്‍ ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട്ടിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട്ടുകാരുടെ രക്തത്തില്‍ ഹിന്ദിയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.

തമിഴ്നാട്ടുകാര്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തേനീച്ചക്കൂട്ടിനുനേരെ കല്ലെറിയുന്നതിനു തുല്യമാണെന്നും സ്റ്റാലിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബി.ജെ.പിയ്ക്കെതിരെ ഡി.എം.കെ പോരിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെ മൂന്നുഭാഷകള്‍ പഠിപ്പിക്കണമെന്നാണ് പുതിയ നയത്തിന്റെ കരടില്‍ പറയുന്നത്. മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ കസ്തൂരിരംഗത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം തയ്യാറാക്കിയത്.

സ്‌കൂളുകളില്‍ മൂന്നുഭാഷ പഠിപ്പിക്കണമെന്നും കുട്ടികള്‍ നേരത്തെ തന്നെ മൂന്നുഭാഷകളില്‍ പ്രാവീണ്യം നേടുന്നത് ഗുണകരമാകുമെന്നുമായിരുന്നു പുതിയ വിദ്യാഭ്യാസ നയത്തില്‍ പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more