ബെംഗളൂരു: ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല എന്നാവര്‍ത്തിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഹിന്ദി അടിച്ചേല്‍പിക്കുന്നതിലൂടെ ബി.ജെ.പി ‘സാംസ്‌കാരിക തീവ്രവാദം’ അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കേണ്ടത് ഹിന്ദിയിലാണെന്നും ഇംഗ്ലീഷ് ഉപയോഗിക്കരുത് എന്നുള്ള കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്.
‘ഒരു കന്നഡിഗയെന്ന നിലയില്‍ അമിത് ഷായുടെ പ്രസ്താവനയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയാണ്. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അതിന് ഞങ്ങള്‍ ഒരിക്കലും സമ്മതിക്കുകയുമില്ല,’ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് ഹിന്ദി ഇംപോസിഷന്‍’ (IndiaAgainstHindiImposition) എന്ന ഹാഷ് ടാഗിനൊപ്പമാണ് സിദ്ധരാമയ്യ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.
As a Kannadiga, I take strong offence to @HMOIndia@AmitShah‘s comment on Official language & medium of communication.
ഭാഷാ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനമെന്നും പരസ്പരം വികാരങ്ങളെ മാനിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ബഹുസ്വരതയാണ് ഇന്ത്യയെ എക്കാലവും ഒന്നിച്ചു നിര്‍ത്തിയതെന്നും അത് ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ശ്രമത്തേയും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് സഹകരണ ഫെഡറലിസത്തേക്കാള്‍ നിര്‍ബന്ധിത ഫെഡറലിസത്തിന്റെ അടയാളമാണ്. നമ്മുടെ ഭാഷകളെക്കുറിച്ചുള്ള ബി.ജെ.പിയുടെ സങ്കുചിത കാഴ്ചപ്പാടുകള്‍ തിരുത്തേണ്ടതുണ്ട്, സവര്‍ക്കറിനെപ്പോലുള്ള കപട ദേശീയവാദികളില്‍ നിന്നുമാണ് അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും ഉരുത്തിരിഞ്ഞത്,’ സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
‘സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഏത് ഭാഷയിലാണോ അതാണ് ഔദ്യോഗിക ഭാഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം തീര്‍ച്ചയായും വര്‍ധിപ്പിക്കും.
ഔദ്യോഗിക ഭാഷ, രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമാകേണ്ട സമയം ഇപ്പോള്‍ വന്നിരിക്കുകയാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംവദിക്കുമ്പോള്‍, അത് ഇന്ത്യയുടെ ഭാഷയില്‍ തന്നെയായിരിക്കണം. ഹിന്ദിയിലായിരിക്കണം, ഇംഗ്ലീഷിലാവരുത്,” അമിത് ഷാ പറഞ്ഞു.
ഇംഗ്ലീഷിന് ബദലായി ഉപയോഗിക്കേണ്ടത് പ്രാദേശിക ഭാഷകളല്ല, ഹിന്ദിയാണെന്നും ഇതിന് വേണ്ടി മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്നും ഹിന്ദിയിലേക്ക് വാക്കുകള്‍ കടമെടുത്ത് ഹിന്ദിയെ കൂടുതല്‍ ഫ്ളെക്സിബിള്‍ ആക്കണമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.
ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹിന്ദി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹിന്ദി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധയും ഊന്നലും നല്‍കേണ്ടതിനെക്കുറിച്ചും ആഭ്യന്തര മന്ത്രി സംസാരിച്ചു
Content Highlight: Hindi Not India’s National Language, Will Never Let It Happen: Congress Leader Siddaramaiah