| Friday, 10th January 2025, 7:04 pm

ഹിന്ദി ദേശീയ ഭാഷയല്ല ഔദ്യോഗിക ഭാഷ: ആർ. അശ്വിൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഇന്ത്യയുടെ ദേശീയ ഭാഷയല്ല ഹിന്ദിയെന്നും അത് ഔദ്യോഗിക ഭാഷ മാത്രമാണെന്നുമുള്ള മുൻ ക്രിക്കറ്റ് താരം ആർ. അശ്വിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി ബി.ജെ.പി. ചെന്നൈയിലെ ഒരു എൻജിനീയറിങ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് അശ്വിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. വേദിയിൽ വച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകൾ സംസാരിക്കാൻ അറിയാമോയെന്ന് അശ്വിൻ വിദ്യാർഥികളോട് ചോദിച്ചിരുന്നു. തുടർന്നായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ചുള്ള അശ്വിന്റെ പരാമർശം.

അശ്വിന്റെ പ്രതികരണത്തെ വലിയ കയ്യടികളോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്. എന്നാൽ താരത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. അശ്വിൻ ഭാഷാ വിവാദത്തിൽ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബി.ജെ.പി നേതാവ് ഉമ ആനന്ദൻ മുന്നറിയിപ്പു നൽകി.

‘ഡി.എം.കെ അശ്വിനെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ഭുതമൊന്നുമില്ല. എന്നാല്‍ അശ്വിൻ ദേശീയ ക്രിക്കറ്റ് താരമാണോ, അതോ തമിഴ്നാട് ക്രിക്കറ്റ് താരമാണോ എന്നത് അറിയാൻ എനിക്കു താൽപര്യമുണ്ട്.’ ബി.ജെ.പി നേതാവ് പറഞ്ഞു.

അശ്വിന്റെ പരാമർശത്തിന്റെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇതേ സംബന്ധിച്ച് വലിയ സംവാദങ്ങൾ നടക്കുന്നുണ്ട്.

‘അശ്വിൻ എന്തിന് ഇങ്ങനെ സംസാരിക്കണം. എനിക്ക് ഇത് ഇഷ്ടമല്ല.അവൻ ക്രിക്കറ്ററായി തന്നെ തുടരട്ടെ. ഞാൻ അവൻ്റെ ആരാധകനാണ്. കൂടുതൽ ഭാഷകൾ നിങ്ങൾ പഠിക്കുന്നത് നല്ലതാണ്. ഞങ്ങളുടെ ഫോണിൽ ഉടൻതന്നെ ഏത് ഭാഷയിലേക്കും പരിഭാഷകൾ ലഭ്യമാണ്. എന്താണ് പ്രശ്നം. ഭാഷയുടെ കാര്യം അശ്വിൻ എന്തിനാണ് സംസാരിക്കുന്നത് ,’ സരസ്വതി സുബ്രഹ്മണ്യൻ എന്ന ഉപഭോക്താവ് എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു.

‘ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷയാണ്,’എക്സ് പ്ലാറ്റ്‌ഫോമിൽ സക്കറിയ ജോർജ്ജ് എന്ന വ്യക്തി കുറിച്ചു.

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റായ ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് ഇന്ത്യയുടെ ഇതിഹാസ ഓള്‍ റൗണ്ടറായ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്. അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി അശ്വിന്‍ കളിച്ചിരുന്നെങ്കിലും മികവ് പുലര്‍ത്താനായിരുന്നില്ല. ഇതോടെബ്രിസ്‌ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ അശ്വിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലെ കളിക്കുശേഷം അശ്വിന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാര്‍ത്താ സമ്മേളനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായി താരം വിരമിക്കൽ പ്രഖ്യാപിച്ചതിനെ വിമർശിച്ചും പിന്തുണച്ചും മുൻ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. 106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. ആറ് സെഞ്ചുറികളും 16 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.

Content Highlight: Hindi is not our national language’: Ravichandran Ashwin sparks language debate

Video Stories

We use cookies to give you the best possible experience. Learn more