ന്യൂദൽഹി: കേന്ദ്ര സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ ശക്തമായ പ്രതിഷേധവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും ഹിന്ദി കേന്ദ്രസർക്കാരിന്റെ മുഖംമൂടിയാണെന്നും സംസ്‌കൃതമാണ് മറഞ്ഞിരിക്കുന്ന യഥാർത്ഥ മുഖമെന്നും സ്റ്റാലിൻ പറഞ്ഞു.
‘മറ്റൊരു ഭാഷ അടിച്ചേൽപ്പിക്കാൻ സംസ്ഥാനം അനുവദിക്കില്ല, തമിഴും അതിന്റെ സംസ്കാരവും തങ്ങൾ സംരക്ഷിക്കും,’ സ്റ്റാലിൻ
‘കേന്ദ്ര സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലിനെ ശക്തമായി തന്നെ എതിർക്കും. ഹിന്ദി അവരുടെ വെറും മുഖംമൂടി മാത്രമാണ്. സംസ്കൃതമാണ് മറഞ്ഞിരിക്കുന്ന മുഖം,’ പാർട്ടി പ്രവർത്തകർക്കുള്ള കത്തിൽ അദ്ദേഹം പറഞ്ഞു.
മറ്റൊരു ഭാഷ അടിച്ചേൽപ്പിക്കാൻ സംസ്ഥാനം അനുവദിക്കില്ലെന്നും തമിഴും അതിന്റെ സംസ്കാരവും തങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) ഭാഗമായി കേന്ദ്രം ത്രിഭാഷാ ഫോർമുലയിലൂടെ കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപിപ്പിക്കുകയാണെന്ന് ഭരണകക്ഷിയായ ഡി.എം.കെ വിമർശിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഈ ആരോപണം നിഷേധിച്ചു.
ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സംസാരിക്കുന്ന മൈഥിലി, ബ്രജ്ഭാഷ, ബുന്ദേൽഖണ്ഡി, അവധ് തുടങ്ങിയ നിരവധി ഉത്തരേന്ത്യൻ ഭാഷകളെ ഹിന്ദിയുടെ ആധിപത്യം നശിപ്പിച്ചുവെന്ന് സ്റ്റാലിൻ കത്തിൽ വിമർശിച്ചു.
‘ഹിന്ദി-സംസ്കൃത ഭാഷകളുടെ അധിനിവേശം മൂലം 25ലധികം ഉത്തരേന്ത്യൻ തദ്ദേശീയ ഭാഷകൾ നശിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള ദ്രാവിഡ ഭാഷയായ തമിഴിനെയും അതിന്റെ സംസ്കാരത്തെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനാലാണ് തമിഴ്‌നാട് എൻ.ഇ.പിയെ എതിർക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിഭാഷാ നയ ഷെഡ്യൂൾ അനുസരിച്ച്, പല സംസ്ഥാനങ്ങളിലും സംസ്കൃതം മാത്രമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂ എന്നും സ്റ്റാലിൻ അവകാശപ്പെട്ടു.
ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിൽ ഉറുദു അധ്യാപകർക്ക് പകരം സംസ്‌കൃത അധ്യാപകരെ നിയമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സംസ്കൃതത്തിന് പുറമേ മറ്റ് ഇന്ത്യൻ ഭാഷകൾ സ്കൂളുകളിൽ പഠിപ്പിക്കുമെന്നും തമിഴ് പോലുള്ള മറ്റ് ഭാഷകൾ ഓൺലൈനായി പഠിപ്പിക്കാമെന്നുമാണ് എൻ.ഇ.പി വ്യവസ്ഥകളിൽ പറയുന്നത്.
തമിഴ് പോലുള്ള ഭാഷകൾ ഇല്ലാതാക്കി സംസ്‌കൃതം അടിച്ചേൽപ്പിക്കാൻ കേന്ദ്രം പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. തമിഴ്നാട് ത്രിഭാഷാ നയം അംഗീകരിച്ചാൽ, മാതൃഭാഷ അവഗണിക്കപ്പെടുകയും ഭാവിയിൽ സംസ്കൃതവൽക്കരണം ഉണ്ടാകുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.
Content Highlight: Hindi is mask, Sanskrit is hidden face: Tamil Nadu CM on Hindi imposition