national news
തൈര് പാക്കറ്റില്‍ മാത്രമല്ല റെയില്‍വെ നെയിംബോര്‍ഡിലും ഹിന്ദി വേണ്ട; തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 02, 03:00 am
Sunday, 2nd April 2023, 8:30 am

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. ഇതിന്റെ ഭാഗമായി ചെന്നൈ ഫോര്‍ട്ട് റെയില്‍വെ സ്‌റ്റേഷനിലെ നെയിം ബോര്‍ഡിലുള്ള ഹിന്ദി പേരിന് മുകളില്‍ പ്രതിഷേധക്കാര്‍ കറുത്ത പെയിന്റടിച്ചു. ഇംഗ്ലീഷിലും തമിഴിലുമുള്ള സ്റ്റേഷന്‍ പേര് ഒഴിവാക്കി നടുവിലുള്ള ഹിന്ദി പേരാണ് മായ്ച്ച നിലയില്‍ കണ്ടെത്തിയത്.

സ്‌റ്റേഷനില്‍ ജോലിയിലുണ്ടായിരുന്ന കരാര്‍ തൊഴിലാളികള്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ സി.സി.ടി.വി ക്യാമറ ഇല്ലാത്തതിനാല്‍ ബോര്‍ഡ് മായ്ച്ചവരെ കണ്ടെത്താന്‍ പ്രയാസമുണ്ടെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

കേസില്‍ ശക്തമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.വികൃതമാക്കിയ ബോര്‍ഡ് പിന്നീട് റെയില്‍വെ ഉദ്യോഗസ്ഥരെത്തി പുനസ്ഥാപിച്ചു.

ഒരിടവേളക്ക് ശേഷം തമിഴ്‌നാട്ടില്‍ ഹിന്ദി വിരുദ്ധ വികാരം വീണ്ടും ശക്തിപ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസം തൈര് പാക്കറ്റുകള്‍ക്ക് മുകളില്‍ ഹിന്ദി വാക്കായ ദഹി എന്ന് ചേര്‍ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

തമിഴ്‌നാട്ടിലും കര്‍ണാടകയിലുമുള്ള ഡയറി പാക്കറ്റുകളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധമുണ്ടായത്. ബി.ജെ.പി സര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയമ സഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വെ സ്റ്റേഷനിലെ പേര് മായ്ച്ച നിലയില്‍ കണ്ടെത്തിയത്.

Content Highlight: hindi imposition protest in tamilnadu railway station