| Wednesday, 12th October 2022, 5:55 pm

അന്ന ബെന്നിന്റെ ഹെലനെ വെല്ലുമോ മിലി; ഫസ്റ്റ് ലുക്കും ടീസറും പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍വി കപൂര്‍ ടൈറ്റില്‍ റോളിലെത്തുന്ന മിലിയുടെ പോസ്റ്ററും ടീസറും പുറത്തിറങ്ങി. മാത്തുക്കുട്ടി സേവ്യറിന്റെ സംവിധാനത്തില്‍ അന്ന ബെന്‍ നായികയായി 2019ല്‍ പുറത്തിറങ്ങിയ ഹെലന്റെ റീമേക്കാണ് മിലി.

മാത്തുക്കുട്ടി സേവ്യര്‍ ആണ് മിലിയും സംവിധാനം ചെയ്തത്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ഹെലന്‍ നേടിയിരുന്നു. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചിരുന്നു.

2020ല്‍ ഹെലന്റെ ഹിന്ദി റീമേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് അധികം അപ്‌ഡേറ്റുകള്‍ ഒന്നും വന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രം റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

മിലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവംബര്‍ നാലിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. ബോണി കപൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

തണുത്തു വിറച്ചിരിക്കുന്ന ജാന്‍വി കപൂറിനെയാണ് ടീസറില്‍ കാണുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജാന്‍വി കപൂര്‍ തന്നെയാണ് പോസ്റ്ററിലുള്ളത്. മുതിര്‍ന്ന നടന്‍ മനോജ് പഹ്വയാണ് ചിത്രത്തില്‍ ജാന്‍വിയുടെ അച്ഛനായി എത്തുന്നത്.

സീ സ്റ്റുഡിയോസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്, റിതേഷ് ഷായാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

മലയാളത്തില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം അന്‍ബിര്‍ക്കിനിയല്‍ എന്ന പേരില്‍ തമിഴിലും റിമേക്ക് ചെയ്തിട്ടുണ്ട്.

Content Highlight: Hindi film milli First look and teaser released

We use cookies to give you the best possible experience. Learn more