ന്യൂദല്‍ഹി: കേരളത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താത്തതെന്തെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹിന്ദുമഹാസഭാ നേതാവ്. ഹാദിയ വിഷയവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി നടത്തിയ ചര്‍ച്ചയ്ക്കിടെ ഹിന്ദുമഹാസഭാ ജനറല്‍ സെക്രട്ടറി ഇന്ദിരാ തിവാരി ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹറാവുവിനോടാണ് ഇങ്ങനെ ചോദിച്ചത്.
“കേരളത്തില്‍ എന്തുകൊണ്ട് നിങ്ങള്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുന്നില്ല?” എന്നാണ് തിവാരി ചോദിച്ചത്.
ഹാദിയയുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട വീഡിയോയുടെ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക് ടി.വി ഈ വിഷയം ചര്‍ച്ച ചെയ്തത്.
ലഷ്‌കര്‍, സിമി തുടങ്ങിയ ഭീകരവാദഗ്രൂപ്പുകളാണ് ഹാദിയ കേസിനു പിന്നിലെന്ന് ബി.ജെ.പി നേതാവ് ജി.വി.എല്‍ നരസിംഹറാവു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുമഹാസഭ നേതാവ് കേരളത്തില്‍ എന്തുകൊണ്ട് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുന്നില്ല എന്ന് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്.
കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കേരളസര്‍ക്കാര്‍ അതിനുനേര്‍ക്ക് കണ്ണടക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ഇത്തരം മതപരിവര്‍ത്തനങ്ങള്‍ ആളുകള്‍ക്കിടയില്‍ സംഘട്ടനമുണ്ടാക്കുമെന്നും രാഹുല്‍ ഈശ്വര്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെടുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന പേരിലാണ് രാഹുലിനെ ചര്‍ച്ചയില്‍ അവതരിപ്പിച്ചത്.
“കേരളത്തിലെ കപടമതേതര സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. ഇതിനെതിരെ സി.പി.ഐ.എം മുന്നോട്ടുവരുന്നില്ല. ഞങ്ങള്‍
നിസഹായരാണ്” രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
നേരത്തെ കേരളത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക് ടി.വി അടക്കമുള്ള ദേശീയമാധ്യമങ്ങള്‍ കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി വരികയും ചെയ്തു. റിപ്പബ്ലിക് ടി.വിയുടെ റേറ്റിംഗ് കുറച്ചുകൊണ്ടാണ് മലയാളികള്‍ ഇതിനെതിരെ പ്രതിഷേധിച്ചത്.