തൃശ്ശൂര്‍: ശബരിമല ക്ഷേത്രത്തില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്ന സാഹചര്യമുണ്ടായാല്‍ ബലം പ്രയോഗിച്ച് തടയുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ.
ഇതു സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള റിട്ട് പെറ്റീഷനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കരുത്. ഹരജിക്കാരും അനുകൂലികളും ഹിന്ദു വിരുദ്ധരാണ്.
ആചാരങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ലെന്നും അത്തരം നീക്കങ്ങള്‍ എന്തു വില കൊടുത്തും തടയുമെന്ന് ദേശീയ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശിക് ജനറല്‍ സെക്രട്ടറി മുന്നാകുമാര്‍ ശര്‍മ പറഞ്ഞു.
ബംഗാളികളുടെ മറവില്‍ ബംഗ്ലാദേശില്‍നിന്നുള്ള ക്രിമിനലുകള്‍ കേരളത്തില്‍ കുടിയേറിയിട്ടുണ്ട്. ഇവരെ നാടുകടത്തണം. “മീശ” നോവലിലൂടെ സ്ത്രീ സമൂഹത്തെ അപമാനിച്ച എഴുത്തുകാരനും പുസ്തകം പ്രസിദ്ധീകരിച്ച സ്ഥാപനത്തിനുമെതിരെ നടപടിയെടുക്കണം.
ആദ്യ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ച പത്രത്തിന്റെ പത്രാധിപര്‍ ഹൈന്ദവ ജനതയോട് മാപ്പ് പറയണം. ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും സര്‍ക്കാറിന്റെ അധീനതയില്‍ കൊണ്ടുവരാന്‍ തയാറാവുന്നില്ലെങ്കില്‍ മതേതരത്വം പറയുന്ന കേരള സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് ക്ഷേത്രങ്ങള്‍ വിശ്വാസികളെ ഏല്‍പിക്കണം.
കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നും അതിന് വശംവദരായവരെ നേരില്‍ കണ്ട് ബോധവത്കരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ലവ് ജിഹാദിന്റെ പേരില്‍ മതപരിവര്‍ത്തനം നടത്തുന്നവരുടെ മതത്തില്‍ നിന്ന് ഇരുപതിരട്ടി പേരെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരും. കേരളത്തില്‍ ഗോഹത്യ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു