സൈന്യത്തില്‍ ജോലിക്ക് കോഴ: ബി.ജെ.പി നേതാവ് വാങ്ങിയത് കൈക്കൂലിയല്ല; സംഭാവനയെന്ന് ഹിന്ദു ഐക്യവേദി നേതാവ്
Daily News
സൈന്യത്തില്‍ ജോലിക്ക് കോഴ: ബി.ജെ.പി നേതാവ് വാങ്ങിയത് കൈക്കൂലിയല്ല; സംഭാവനയെന്ന് ഹിന്ദു ഐക്യവേദി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th July 2017, 12:21 pm

കോഴിക്കോട്: സൈന്യത്തില്‍ ജോലി വാങ്ങി കൊടുക്കാമെന്ന പേരില്‍ ബി.ജെ.പി നേതാവ് പണം വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ്. പരാതിക്കാരനില്‍ നിന്നും പണം വാങ്ങിയത് കൈക്കൂലി ആയിട്ടല്ല, സംഭാവനയെന്ന നിലയ്ക്കാണെന്നാണ് രാജേഷിന്റെ ന്യായീകരണം.

സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ രാജേഷിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളിലാണ് ഇത്തരമൊരു ന്യായവാദം നിരത്തുന്നത്.

സൈന്യത്തില്‍ ജോലി തേടി തന്നെയാണ് ബി.ജെ.പി നേതാവ് രാജനെ അശ്വന്തിന്റെ കുടുംബം സമീപിച്ചതെന്നു വിശദീകരിക്കുന്ന സന്ദേശത്തില്‍ അശ്വന്തിന് കഴിവില്ലാത്തതുകൊണ്ടാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്നും മടങ്ങിപ്പോകേണ്ടിവന്നതെന്നും പറയുന്നു.


Must Read: കുമ്മനത്തിന്റെ ഉപദേശകര്‍ ഇടതുസഹയാത്രികര്‍: ഉപദേശകര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് പരാതി


വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്ന ഈ ഓഡിയോ സന്ദേശം പൊലീസിനു കൈമാറാനാണ് പരാതിക്കാരന്റെ തീരുമാനം.

സൈന്യത്തില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കി ബി.ജെ.പി നേതാക്കള്‍ പണം കൈപ്പറ്റിയെന്ന പരാതിയുമായി കൈവേലി സ്വദേശി അശ്വന്താണ് രംഗത്തുവന്നത്. ബി.ജെ.പി മേഖലാ സെക്രട്ടറി എം.പി രാജവന്‍ വഴിയാണ് പണം നല്‍കിയതെന്നായിരുന്നു അശ്വന്തിന്റെ പരാതി.

അതിനിടെ, അശ്വന്തിന് ജോലി വാങ്ങിക്കൊടുക്കാനായി എം.പി രാജന്‍ ഇടപെട്ടകാര്യം രാജേഷ് സ്ഥിരീകരിച്ചതായി മീഡിയ വണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ അശ്വന്തിന്റെ കുടുംബം ആവശ്യപ്പെട്ടതു പ്രകാരം റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് പണംനല്‍കുക മാത്രമാണ് രാജന്‍ ചെയ്തതെന്നാണ് രാജേഷ് പറഞ്ഞത്.