ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പിനെ വെട്ടിലാക്കിയ റിപ്പോര്‍ട്ട് വന്ന് രണ്ട് മാസത്തിന് ശേഷം പുതിയ റിപ്പോര്‍ട്ടുമായി ഹിന്‍ഡന്‍ബര്‍ഗ്. ജാക്ക് ഡോര്‍സിയുടെ ബ്ലോക്ക് എന്ന മൊബൈല്‍ പേയ്‌മെന്റ് കമ്പനിക്കെതിരായാണ് ഇത്തവണ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
‘ന്യൂ ഫ്രം അസ്’ എന്ന പേരിലാണ് വ്യാഴാഴ്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പങ്കുവെച്ചത്.
കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പല അക്കൗണ്ടുകളും വ്യാജമാണെന്നും ഒരേ ആളുകള്ക്ക് തന്നെ നിരവധി അക്കൗണ്ടുകളുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് വര്‍ഷമായി ബ്ലോക്കിനെ കുറിച്ചുള്ള അന്വേഷണത്തിലാണെന്നും മുമ്പ് ഇവിടെ തൊഴിലാളികളായവരുടെയും വിഷയത്തില്‍ പ്രാഗല്‍ഭ്യമുള്ളവരുടെയും അഭിമുഖം നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.
40 മുതല്‍ 75 ശതമാനം വരെ വ്യാജ അക്കൗണ്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ പെരുപ്പിച്ച് കാട്ടി നിക്ഷേപകരെ സ്ഥാപനം വഞ്ചിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ബ്ലോക്കിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തുന്നത്.
റിപ്പോര്‍ട്ട് പുറത്തിറങ്ങിയതിന് ശേഷം ബ്ലോക്കിന്റെ മാര്‍ക്കറ്റ് മൂല്യം 18 ശതമാനമായി ഇടിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
എന്നാല്‍ സംഭവത്തെക്കുറിച്ച് ബ്ലോക്ക് ഇതു വരെ പ്രതികരിച്ചിട്ടില്ല.
മുന്‍ ട്വിറ്റര്‍ മേധാവിയായിരുന്ന ഡോര്‍സി 2009ലാണ് ബ്ലോക്ക് സ്ഥാപിക്കുന്നത്. സ്‌ക്വയര്‍ പേരില്‍ തുടങ്ങിയ കമ്പനി 2021ല്‍ പേര് മാറ്റുകയായിരുന്നു.
വ്യാപാരികള്‍ മുതല്‍ വ്യക്തികള്‍ വരെയുള്ളവരുടെ സാമ്പത്തിക ഇടപാടുകളാണ് കമ്പനി നടത്തുന്നത്.
ബ്ലോക്കിന് 2021ല്‍ 100 ബില്യന്‍ ഡോളര്‍ മാര്‍ക്കറ്റ് വാല്യു ആണ് ഉണ്ടായത്. നിലവില്‍ അതിന്റെ മൂല്യം 38 ബില്യണ്‍ ഡോളര്‍ ആണ്.
അതേസമയം അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 150ബില്യണ്‍ ഡോളറില്‍ നിന്ന് ഞൊടിയിടയിലാണ് അദാനിയുടെ ആസ്തി 53 ബില്യണ്‍ ഡോളറായി ചുരുങ്ങിയത്. ഫോര്‍ബ്സിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 35 പേരുടെ പട്ടികയില്‍ നിന്ന് അദാനി പുറത്താക്കപ്പെടുന്നതും ഇതിന് പിന്നാലെയായിരുന്നു.
120 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് അദാനി ഓഹരികള്‍ക്ക് ഇതോടെയുണ്ടായത്.
content highlight: hindenburg’s new report against dorsy