ന്യൂദൽഹി: ഹിൻഡൻബർഗ് പുറത്ത് വിട്ട പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഏഴ് ശതമാനം ഇടിഞ്ഞതായി റിപ്പോർട്ട്. ബർമുഡയിലും മൗറീഷ്യസിലും ആസ്ഥാനമായുള്ള ഓഫ്‌ഷോർ ഫണ്ടുകളിൽ സെബി മേധാവി മാധബി ബുച്ചിനും ഭർത്താവ് ധവൽ ബുച്ചിനും ഓഹരിയുണ്ടെന്ന് യു.എസ് ഷോർട് സെല്ലെർ ഹിൻഡൻബർഗ് വെളിപ്പടുത്തിയിരുന്നു.
പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഏഴ് ശതമാനം വരെ ഇടിവുണ്ടായത്. തൽഫലമായി നിക്ഷേപകർക്ക് ഏകദേശം 53 ,000 കോടി രൂപയുടെ നഷ്ടമുണ്ടായി. പത്ത് അദാനി സ്റ്റോക്കുകളുടെ സംയോജിത വിപണി മൂലധനം 16 .7 ലക്ഷം കോടി രൂപയായി കുറഞ്ഞുവെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
അദാനി ഗ്രീൻ എനർജി ഓഹരികൾക്ക് ഏഴ് ശതമാനം ഇടിവും അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾക്ക് ഏകദേശം അഞ്ച് ശതമാനം ഇടിവും പവർ ഓഹരികൾക്ക് നാല് ശതമാനം ഇടിവും എനർജി സൊല്യൂഷൻസ്, എന്റർപ്രൈസ് എന്നിവക്ക് മൂന്ന് ശതമാനം ഇടിവുമാണ് ഇണ്ടായിരിക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ നിഫ്റ്റി ഓഹരികൾ ഏകദേശം രണ്ട് ശതമാനം ഇടിഞ്ഞു.
ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി, അദാനി ഗ്രൂപ്പിന്റെ പ്രധാന ഓഹരികൾ സ്വന്തമാക്കിയെന്നും ഈ ഫണ്ടുകൾ ഉപയോഗിച്ച് വ്യാപാരം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയുടെ മേധാവി കൂടി ഉൾപ്പെട്ടതോടെ വിഷയം വീണ്ടും രാഷ്ട്രീയ ശ്രദ്ധ നേടുകയായിരുന്നു. സെബി മേധാവി മാധബി പുരി ബുച്ചിന്റെ രാജിയും ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണവും വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബര്‍മുഡയിലെയും മൗറീഷ്യസിലെയും നിഗൂഢമായ നിഴല്‍കമ്പനികളില്‍ മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്നായിരുന്നു ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തൽ.
എന്നാൽ ഈ ആരോപണങ്ങളെയെല്ലാം തള്ളി സെബി മേധാവി മാധബി ബുച്ച് രംഗത്തെത്തിയിട്ടുണ്ട്.
തങ്ങൾ സ്വകാര്യ പൗരന്മാരായിരുന്നപ്പോൾ അതായത് സെബിയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന കാലത്തിൽ ഉണ്ടായിരുന്ന സാമ്പത്തിക രേഖകളും വിവരങ്ങളും ആണ് ഹിൻഡൻബർഗ് ഇപ്പോൾ പുറത്തുവിട്ടത്. അതേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ തങ്ങൾക്ക് ഇപ്പോഴും ഒരു മടിയും ഇല്ലെന്നും അവർ പറയുന്നു. തന്റെയും ഭർത്താവിന്റെയും ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും അവർ പറഞ്ഞു.
ഓഹരികള്‍ പെരുപ്പിച്ച് കാട്ടിയാണ് അദാനി ഗ്രൂപ്പ് മൂല്യം വർധിപ്പിക്കുന്നതെന്നും അതുവഴി കൂടുതല്‍ വായ്പകള്‍ സംഘടിപ്പിക്കുന്നു എന്നും ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ വലിയ കോളിളക്കം ഉണ്ടാവുകയും അദാനിഗ്രൂപ്പിന്റെ 72 ലക്ഷം കോടി രൂപയുടെ കമ്പനി ഓഹരികൾ ഇടിയുകയും ചെയ്തു.
Content Highlight: Hindenburg report: Adani Group shares drop 7%, stock market falls