| Monday, 12th August 2024, 9:10 am

മാധബി പുരി ബുച്ചിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ഹിന്‍ഡന്‍ബര്‍ഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെബി ചെയര്‍ പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി ഹിന്‍ഡന്‍ബര്‍ഗ്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബര്‍മുഡയിലെയും മൗറീഷ്യസിലെയും നിഗൂഢമായ നിഴല്‍കമ്പനികളില്‍ മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തിയിരുന്നു.

സെബി അംഗമായപ്പോള്‍ മാധബി ബുച്ച് ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റിയത് സിംഗപ്പൂര്‍ കമ്പനിയുടെ ഓഹരി മാത്രമാണെന്നും ഇന്ത്യയുടെ ഓഹരികള്‍ അവര്‍ നിലനിര്‍ത്തിയെന്നും ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസം ആരോപണങ്ങള്‍ തള്ളി മാധബി ബുച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു. തനിക്ക് നേരത്തെ പല കമ്പനികളുമായി ബന്ധം ഉണ്ടായിരുന്നെന്നും ഇവയില്‍ ചിലത് ഉപദേശം നല്‍കിയിരുന്നെന്നും ഭര്‍ത്താവ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണെന്നും, അതിനാല്‍ പിന്നീട് സ്വന്തമായി കമ്പനി രൂപീകരിക്കുകയായിരുന്നു എന്നുമാണ് പ്രസ്താവനയില്‍ മാധബി പറഞ്ഞത്. 2017 സെബിയില്‍ അംഗമായതോടെ ഈ കമ്പനികളുടെ ഓഹരികള്‍ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റിയെന്നും മാധബി അവകാശപ്പെട്ടു.

 ഇന്ത്യയിലും സിംഗപ്പൂരിലും മാധബിയും ഭര്‍ത്താവും കമ്പനികള്‍ രൂപീകരിച്ചെന്നും അതില്‍ സിംഗപ്പൂര്‍ കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റിയതെന്നും ഇന്ത്യയിലെ കമ്പനികളിലെ 99 ശതമാനം ഓഹരിയും അതിന്റെ ലാഭവും മാധബിയുടെ പേരിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹിന്‍ഡന്‍ബര്‍ഗ് പുതിയ തെളിവുകള്‍ പുറത്തുവിട്ടത്.

ഇരുവരുടെയും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സുഹൃത്തുകൂടിയായ അനില്‍ അഹൂജയാണെന്നും അദാനിയുടെ സ്ഥാപനങ്ങളില്‍ മാനേജര്‍ ആയി ജോലി ചെയ്തിട്ടുള്ള ആളാണ് അഹൂജ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനാല്‍ മാധബിക്കും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും അദാനിയുടെ വിവിധ കമ്പനികളുമായി ബന്ധമുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ട്.

വിവിധ കമ്പനികളുടെ ഓഹരികള്‍ മാറ്റിയെന്ന് പറയുമ്പോഴും അതില്‍ നിന്നുള്ള വരുമാനം മാധബി ബുച്ചിന്റെ കുടുംബത്തിലേക്ക് തന്നെയാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അദാനിയുമായി ബന്ധമില്ലെന്നും നിരപരാധിയാണെന്നും തങ്ങള്‍ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് പക വീട്ടുകയാണെന്നും നിയമസഹായം തേടുമെന്നും ബുച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടുകള്‍ മാധബിയെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുകയാണ്.

Content Highlight: Hindenburg released more evidence against Madhabi Puri Buch

We use cookies to give you the best possible experience. Learn more