| Friday, 13th September 2024, 9:10 am

പിടിവിടാതെ ഹിന്‍ഡന്‍ബര്‍ഗ്; അദാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചതായി വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗൗതം അദാനിക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി വീണ്ടും ഹിന്‍ഡന്‍ബര്‍ഗ്. അദാനിക്കെതിരെ സ്വിറ്റ്‌സര്‍ലന്റില്‍ അന്വേഷണം നടക്കുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. അദാനിയുമായി ബന്ധപ്പെട്ട അഞ്ച് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചതായും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.

ഗൗതം അദാനി

കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജ സെക്യൂരിറ്റി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട അന്വേഷത്തിന്റെ ഭാഗമായാണ് അദാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അഞ്ച് അക്കൗണ്ടുകളിലായി 310 മില്യണ്‍ ഡോളറിലധികം പണമാണ് അദാനിയുടേതായി സ്വിസ് അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുന്നത്.

ബി.വി.ഐ/മൗറീഷ്യസ്, ബെര്‍മുഡ എന്നിവിടങ്ങളില്‍ അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയത് എങ്ങനെയാണെന്ന് 2021ല്‍ പ്രോസിക്യൂട്ടര്‍മാര്‍ വിശദമാക്കിയതായും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. സ്വിസ് മീഡിയ ഔട്ട്‌ലെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളും സ്വിസ് ക്രിമിനല്‍ കോടതിയുടെ കൈവശമുള്ള രേഖകളെയും ഉദ്ധരിച്ചായിരുന്നു പ്രോസിക്യൂട്ടര്‍മാര്‍ വിശദീകരണം നല്‍കിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി.

എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഹിന്‍ഡന്‍ബര്‍ഗ് അന്വേഷണം നടത്തുന്നതിന് മുന്നോടിയായി ജനീവ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസ് അദാനിക്കെതിരെ അന്വേഷണം നടത്തിയിരുന്നുവെന്നായിരുന്നു സ്വിസ് മീഡിയ ഔട്ട്‌ലെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട്. പ്രസ്തുത റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്റ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അദാനിക്കെതിരെ അന്വേഷണം ആരംഭിച്ചത്.

ഈ അന്വേഷണത്തിന്റെ ഭാഗമായാണ് അദാനിയുടെ അഞ്ച് അക്കൗണ്ടുകള്‍ സ്വിസ് ഉദ്യോഗസ്ഥര്‍ മരവിപ്പിച്ചത്. അതേസമയം ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് അദാനി പ്രതികരിച്ചത്.

തങ്ങളുടെ അക്കൗണ്ടുകള്‍ ഒരു അധികാരകേന്ദ്രവും മരവിപ്പിച്ചിട്ടില്ലെന്നും അദാനി കമ്പനി പറഞ്ഞു. സുതാര്യമായ രീതിയിലാണ് കമ്പനിയുടെ മുഴുവന്‍ വിദേശ നിക്ഷേപങ്ങളെന്നും അദാനി ഗ്രൂപ്പ് പറയുകയുണ്ടായി.

2023 ജനുവരിയില്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികള്‍ ഓഹരി വിപണിയില്‍ കൃത്രിമത്വവും തട്ടിപ്പും നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. റിസേര്‍ച്ച് സ്ഥാപനത്തിന്റെ കണ്ടെത്തല്‍ അദാനി ഗ്രൂപ്പ് തള്ളുകയും ചെയ്തിരുന്നു.

ഒരു ഓഹരി പങ്കാളിയുമായി ചേര്‍ന്ന് നടത്തിയ ഇടപാടില്‍ നിന്ന് 4.1 മില്യണ്‍ ഡോളറും കമ്പനിയുടെ യു.എസ് ബോണ്ടുകളിലൂടെ 31,000 ഡോളറുമാണ് അദാനി ഗ്രൂപ്പ് നേടിയത്. ഈ ഓഹരി പങ്കാളിയുടെ പേര് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നില്ല.

ഇതിനുപിന്നാലെ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെയും ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അദാനി കമ്പനികളുടെ വിദേശത്തെ രഹസ്യ സ്ഥാപനങ്ങളില്‍ ബുച്ചിന് നിക്ഷേപമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രസ്തുത റിപ്പോര്‍ട്ടും നിഷേധിച്ച് അദാനി കമ്പനി പ്രതികരിച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ മാധബി ബുച്ചും നിഷേധിച്ചിരുന്നു.

Content Highlight: Hindenburg again with new revelations against Gautam Adani

We use cookies to give you the best possible experience. Learn more