[]ന്യൂദല്‍ഹി : മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി. സി. പരേഖ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിക്കാന്‍ തീരുമാനമെടുത്തതെന്ന് സി.ബി.ഐ എഫ്.ഐ.ആര്‍.
2005ലെ സ്‌ക്രീനിംഗ് പാനല്‍ കമ്മറ്റിയുടെ തീരുമാനത്തിനു വിരുദ്ധമായിരുന്നു ഇത്. കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ 14ാം എഫ്.ഐ.ആറിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് വഴി വിട്ട് സഹായങ്ങള്‍ ചെയ്യാന്‍ പരേഖ് തന്റെ പദവി ദുരുപയോഗം ചെയ്തതായും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. 2005ല്‍ പരേഖ് ചെയര്‍മാനായ സ്‌ക്രീനിംഗ് കമ്മറ്റി ഹിന്‍ഡാല്‍കോയുടെ അപേക്ഷ തള്ളിയിരുന്നു.
അന്ന് പൊതുമേഖലാസ്ഥാപനമായ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന് അനുവദിച്ച കല്‍ക്കരിപ്പാടമാണ് പിന്നീട് ഹിന്‍ഡാല്‍കോയ്ക്ക് അനുവദിച്ചത്. ഉത്തരവാദിത്തപ്പെട്ടവര്‍ ഈ മാറ്റങ്ങള്‍ അംഗീകരിച്ചു എന്നു മാത്രമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
ആരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങായിരുന്നു അന്നത്തെ കല്‍ക്കരി വകുപ്പ് മന്ത്രി. പരേഖും ബിര്‍ളയും ഉള്‍പ്പെടെയുള്ളവര്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്നും എഫ്.ഐ.ആര്‍ ആരോപിക്കുന്നു.
കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ എഫ്.ഐ.ആറിനെക്കുറിച്ച് ചില കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രമേ തങ്ങള്‍ അനുസരിക്കുന്നുള്ളു എന്ന നിലപാടിലാണ് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ.
“മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറിയെക്കുറിച്ച് മറ്റ് ഏജന്‍സികള്‍ എന്തു പറഞ്ഞു എന്ന് ഞങ്ങള്‍ കാര്യമാക്കുന്നില്ല. സ്‌ക്രീനിംഗ് കമ്മറ്റിയുടെ തീരുമാനങ്ങള്‍ അട്ടിമറിച്ച് ബിര്‍ളയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ പരേഖിനു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്.” സിന്‍ഹ പറയുന്നു.
അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും സമയം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തമായ നടപടിക്രമങ്ങള്‍ പാലിച്ചു തന്നെയാണ് തങ്ങള്‍ കല്‍ക്കരി പാടങ്ങള്‍ നേടിയതെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് വാദിക്കുന്നു.
“കനേഡിയന്‍ അലുമിനിയം കമ്പനിയായ അല്‍കാനിന്റെ ഇന്‍ഡ്യന്‍ സബ്‌സിഡിയറിയായ ഇന്‍ഡലാണ് 1996ല്‍ തലാബിറ 2നു വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. 2000ല്‍ ഇന്‍ഡലിനെ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഹിന്‍ഡാല്‍കോയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. 9 വര്‍ഷത്തിനു ശേഷം 2005 നവംബറിലാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്.”
ബിര്‍ള, ഹിന്‍ഡാല്‍കോ, നാല്‍കോ തുടങ്ങിയവയെ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതിനോട് രാജ്യത്തെ പ്രമുഖ ബിസിനസുകാരും വിയോജിപ്പു പ്രകടിപ്പിക്കുന്നു. “കമ്പനിയില്‍ 15 ശതമാനം ഓഹരികള്‍ മാത്രമാണ് ഹിന്‍ഡാല്‍കോയ്ക്കുള്ളത്.
പൊതുമേഖലയ്ക്കു വേണ്ടി നീക്കി വച്ചിരുന്ന കല്‍ക്കരിപ്പാടങ്ങളില്‍ ചിലത് സ്വകാര്യമേഖലയ്ക്കു നല്‍കിയെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. അത് ചെയ്തത് ഗവണ്‍മെന്റാണ്.” ഗോദ്‌റെജ് ഗ്രൂപ്പ് ചെയര്‍മാന്‍ ആദി ഗോദ്‌റെജ് പറയുന്നു.