| Sunday, 28th January 2024, 3:51 pm

മുഖ്യധാരാ മതങ്ങളുടെ മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കുള്ള ലക്ഷ്യമായി ഇന്ത്യന്‍ തദ്ദേശീയ സമൂഹങ്ങള്‍ മാറി: അസം മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പുര്‍: മുഖ്യധാരാ മതങ്ങളുടെ മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കുള്ള ലക്ഷ്യമായി  ഇന്ത്യയിലെ തദ്ദേശീയ സമൂഹങ്ങള്‍ മാറിയിരിക്കുകയാണെന്ന പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

തദ്ദേശീയ സമുദായങ്ങളില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ ഭൗതിക നേട്ടങ്ങളുടെ സ്വാധീനത്താല്‍ മത പരിവര്‍ത്തനം നടത്തുകയാണെന്ന് ഹിമന്ത ശര്‍മ ആരോപിച്ചു. ഫെബ്രുവരി 1 വരെ നടക്കുന്ന എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിന്റെയും മുതിര്‍ന്നവരുടെ സംഗമത്തിന്റെയും ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹിമന്ത.

വിവിധ മതവിഭാഗങ്ങള്‍ നടത്തുന്ന മിഷനറി പ്രവര്‍ത്തനങ്ങള്‍ തദ്ദേശീയ വിശ്വാസം അനുവര്‍ത്തിക്കുന്നവരുടെ ജനസംഖ്യയില്‍ കുറവ് വരുത്തുന്നതിന് കരണമാകുന്നുണ്ടെന്നും ഹിമന്ത ആരോപിച്ചു.

രാജ്യത്തെ വിശ്വാസങ്ങളും മതങ്ങളും ജീവനോടെ നിലനിര്‍ത്താന്‍ സംസ്ഥാനത്തെ യുവതലമുറ ശ്രമിക്കണമെന്നും ഹിമന്ത പറഞ്ഞു. തദ്ദേശീയ സമുദായങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ തന്റെ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനായി തയ്യാറാക്കിയ രൂപരേഖയെ കുറിച്ചും ഹിമന്ത വ്യക്തമാക്കി.

ലോകത്തില്‍ സാംസ്‌കാരികമായും ഭൂപരമായും ഇന്ത്യ ഒരു അവിഭാജ്യ ഘടകമായി നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ പുരാതന വിശ്വാസ സമ്പ്രദായങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഹിമന്ത പറഞ്ഞു. ആഗോള തലത്തില്‍ തദ്ദേശീയ സമുദായങ്ങളും സംസ്‌കാരങ്ങള്‍ക്കുമുള്ള പ്രാധാന്യത്തെ കുറിച്ചും അസം മുഖ്യമന്ത്രി സംസാരിച്ചു.

ലോകത്തിലെ പുരാതന പാരമ്പര്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും ആത്മീയ ഗുരുക്കന്മാര്‍ക്കായുള്ള സാമൂഹിക, സാംസ്‌കാരിക ഫോറമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് സംഘടപ്പിച്ച സമ്മേളനം കൂടിയായ വേദിയിലായിരുന്നു ഹിമന്തയുടെ ആരോപണങ്ങള്‍.

Content Highlight: Himantha sharma says Indian indigenous communities have become targets for conversion efforts by mainstream religions

We use cookies to give you the best possible experience. Learn more