ന്യൂദൽഹി: അസം സർക്കാർ ജീവനക്കാർക്ക് അനുവാദമില്ലാതെ രണ്ടാം വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ശർമ.
സർക്കാർ ജീവനക്കാർക്കിടയിൽ ബഹുഭാര്യത്വം അവസാനിപ്പിക്കാനുള്ള അസം സംസ്ഥാന സർക്കാരിന്റെ ഏറ്റവും പുതിയ നിർദ്ദേശമാണ് ഹിമന്ത ശർമ പങ്കിട്ടത്.
‘ചില മതങ്ങൾ അനുവദിച്ചാലും സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ഭാര്യയോ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ രണ്ടാം വിവാഹം അനുവദിക്കില്ല. നിലവിലെ നിയമങ്ങൾ അനുസരിച്ചാണ് നിർദ്ദേശങ്ങൾ, അത് നേരത്തെ നടപ്പാക്കിയിരുന്നില്ല.
എന്നാൽ ഇപ്പോൾ അവ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഒരു അസം സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ ഞങ്ങളുടെ സർവീസ് റൂളിൻ്റെ പോയിൻ്റ് മുതൽ അയാൾക്ക് രണ്ടാം വിവാഹത്തിൽ ഏർപ്പെടാൻ അർഹതയില്ല.
എന്നിരുന്നാലും ചില മതങ്ങൾ നിങ്ങളെ രണ്ടാം വിവാഹം ചെയ്യാൻ അനുവദിക്കുകയാണെങ്കിൽ ചട്ടമനുസരിച്ച് നിങ്ങൾക്ക് അനുമതി വാങ്ങിയിരിക്കണം. സംസ്ഥാന സർക്കാർ നിങ്ങൾക്ക് ചിലപ്പോൾ അത് അനുവദിച്ചു തന്നേക്കാം.
പലപ്പോഴും ജീവനക്കാരന്റെ മരണശേഷം രണ്ടു ഭാര്യമാർ പെൻഷൻ വിഷയത്തിൽ പരസ്പരം വഴക്കിടാറുണ്ട്. അത് പരിഹരിക്കാൻ ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ്,’ ഹിമന്ത ശർമ്മ പറഞ്ഞു.
ഈ വർഷം സെപ്റ്റംബറിൽ സംസ്ഥാന അസംബ്ലിയിൽ ഈ ബില്ല് അവതരിപ്പിക്കാനുള്ള സർക്കാർ പദ്ധതികളെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള അസം സർക്കാറിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ നീക്കം.
ബഹുഭാര്യത്വം നിരോധിക്കുന്ന നിയമനിർമാണത്തിനായി അസമിലെ അഡ്വക്കേറ്റ് ജനറൽ ദേവജിത് ലോൺ സൈക്കിയയുടെ അധ്യക്ഷതയിൽ അസം സർക്കാർ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ട്.
Content Highlight: Himantha sharma against polygomy