ദിസ്പുര്‍: പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലൈന്‍സ്) എന്ന പേരിട്ടത്തിന് പിന്നാലെ തന്റെ ട്വിറ്ററിലെ ബയോ മാറ്റി അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശര്‍മ.
ട്വിറ്ററില്‍ തന്റെ പദവി എഴുതിയ ‘ചീഫ് മിനിസ്റ്റര്‍ ഓഫ് അസം, ഇന്ത്യ’ എന്ന ഭാഗം ‘ചീഫ് മിനിസ്റ്റര്‍ ഓഫ് അസം, ഭാരത്,’ എന്നാക്കിയാണ് അദ്ദേഹം മാറ്റിയിട്ടുള്ളത്. പിന്നാലെ ബ്രിട്ടീഷുകാരാണ് നമ്മുടെ രാജ്യത്തിന് ഇന്ത്യ എന്ന പേരിട്ടതെന്നും നമ്മുടെ പൂര്‍വികര്‍ ഭാരതത്തിന് വേണ്ടിയാണ് പോരാടിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘നമ്മുടെ നാഗരിക സംഘര്‍ഷം ഇന്ത്യയെയും ഭാരതത്തെയും ചുറ്റിപ്പറ്റിയാണ് നില്‍ക്കുന്നത്. ബ്രിട്ടീഷുകാര്‍ നമ്മുടെ രാജ്യത്തിന് ഇന്ത്യ എന്ന പേരിട്ടു.
കൊളോണിയല്‍ പൈതൃകങ്ങളില്‍ നിന്ന് സ്വയം മോചിതരാകാന്‍ നാം ശ്രമിക്കണം. നമ്മുടെ പൂര്‍വികര്‍ ഭാരതത്തിന് വേണ്ടിയാണ് പോരാടിയത്. നമ്മളും ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. ബി.ജെ.പി ഫോര്‍ ഭാരത്,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
Our civilisational conflict is pivoted around India and Bharat.The British named our country as India. We must strive to free ourselves from colonial legacies. Our forefathers fought for Bharat, and we will continue to work for Bharat .
ഇത്തരത്തില്‍ പേര് മാറ്റുന്ന ആദ്യത്തെ ബി.ജെ.പി നേതാവാണ് ബിശ്വ ശര്‍മയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് പിന്നാലെ മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ എന്നിവയുടെ പേരിലെ ഇന്ത്യയും മാറ്റുമോയെന്നുള്ള പരിഹാസങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.
അതേസമയം ബെംഗളൂരുവില്‍ വെച്ചായിരുന്നു രണ്ട് ദിവസത്തെ പ്രതിപക്ഷ യോഗം സംഘടിക്കപ്പെട്ടത്. 26 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേരും കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയാണ് പേര് നിര്‍ദേശിച്ചത്.
പേര് പ്രഖ്യാപിച്ചതിന് പിന്നാലെ പോരാട്ടം ഇന്ത്യയും എന്‍.ഡി.എയും തമ്മിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
ജാതി സെന്‍സസ് നടത്തുമെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിദ്വേഷവും സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പോരാടുമെന്നും പ്രതിപക്ഷ യോഗം തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയുടെ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെ ബി.ജെ.പി ആക്രമിക്കുകയാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് നാമിപ്പോള്‍ ഉള്ളതെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രമേയത്തില്‍ പ്രതിപക്ഷ സഖ്യം വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ്, അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ജനതാദള്‍ (യുണൈറ്റഡ്), ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ശിവസേന (യു.ബി.ടി), രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, സി.പി.ഐ.എം.എല്‍, രാഷ്ട്രീയ ലോക് ദള്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം), മാറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളാണ് കഴിഞ്ഞ ദിവസം യോഗത്തില്‍ പങ്കെടുത്തത്.
അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ വെച്ച് നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
CONTENT HIGHLIGHTS: himantha biswa sharma changed his twitter bio