ദിസ്പുര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബാബരി മസ്ജിദ് കോണ്‍ഗ്രസ് പുനര്‍നിര്‍മിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹിമന്ത ശര്‍മ പറഞ്ഞു. ഒഡീഷയിലെ മല്‍ക്കന്‍ഗിരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.
അയോധ്യയില്‍ രാമക്ഷേത്രത്തിന് പകരം ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും ഈ ശ്രമം തടയുന്നതിനായി എന്‍.ഡി.എ സഖ്യത്തിന് 400 സീറ്റുകള്‍ നല്‍കണമെന്നുമാണ് ഹിമന്ത പറഞ്ഞത്. ഇന്ത്യയില്‍ ഒരിക്കലും ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹിമന്ത പറഞ്ഞു.
കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ അനുകൂലമായ നടപടികള്‍ തടയുന്നതിനായി നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കേണ്ടതുണ്ട്. അദ്ദേഹം ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തെ ശക്തമായി തടയുമെന്നും ഹിമന്തയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
രാമക്ഷേത്രത്തിന്റെ നിര്‍മാണം ബി.ജെ.പി ഒരിക്കലും നിര്‍ത്തിവെക്കില്ലെന്നും ഹിമന്ത പറഞ്ഞു. തങ്ങളുടെ ക്ഷേത്രങ്ങള്‍ മുഴുവന്‍ തിരിച്ച് നല്‍കണമെന്നും ഇത് ദൈര്‍ഘ്യമേറിയ അജണ്ടയാണെന്നും ഹിമന്ത പറഞ്ഞു. കോണ്‍ഗ്രസ് ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരാതിരിക്കാനും ബി.ജെ.പിക്ക് 400 സീറ്റുകള്‍ വേണമെന്ന് ഹിമന്ത റാലിക്കിടെ പറയുകയുണ്ടായി.
അതേസമയം ഹിമന്തയും ബി.ജെ.പിയും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. രാമക്ഷേത്രത്തെ ഉദ്ധരിച്ച് വോട്ടെടുപ്പില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇന്ത്യാ സഖ്യം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെയും മുസ്‌ലിങ്ങൾക്കെതിരെയും വിദ്വേഷ പ്രചരണം നടത്തിയെന്ന കേസില്‍ കര്‍ണാടകയിലെ ബി.ജെ.പിയുടെ ഐ.ടി. സെല്‍ മേധാവി പ്രശാന്ത് മാകനൂര്‍ അറസ്റ്റിയിലായിരുന്നു. ബെംഗളൂരു ഹൈഗ്രൗണ്ട് പൊലീസാണ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്‌ലിങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രചരണങ്ങളോട് സാമ്യമുള്ള ഒരു ആനിമേഷന്‍ വീഡിയോ ബി.ജെ.പി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും എക്സ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഇത് പിന്‍വലിക്കുകയും ചെയ്തിരുന്നു.
Content Highlight: Himanta Sharma wants to ensure that Congress does not rebuild Babri Masjid