ഹിന്ദുക്കള്‍ക്ക് ഒരു ഭാര്യയെ അനുവദിക്കുമ്പോള്‍ മറ്റു മതസ്ഥര്‍ക്ക് ഒന്നിലധികം വിവാഹം നടത്താന്‍ അനുമതി നല്‍കുന്നതെങ്ങനെ: ഹിമന്ത ബിശ്വ ശര്‍മ
national news
ഹിന്ദുക്കള്‍ക്ക് ഒരു ഭാര്യയെ അനുവദിക്കുമ്പോള്‍ മറ്റു മതസ്ഥര്‍ക്ക് ഒന്നിലധികം വിവാഹം നടത്താന്‍ അനുമതി നല്‍കുന്നതെങ്ങനെ: ഹിമന്ത ബിശ്വ ശര്‍മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2024, 1:05 pm

ന്യൂദല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റുകള്‍ നേടിയാല്‍ ഗ്യാന്‍വാപി മസ്ജിദിന് പകരമായി കാശി വിശ്വനാഥ ക്ഷേത്രം നിര്‍മിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ദല്‍ഹിയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍സംസാരിക്കുകയായിരുന്നു ഹിമന്ത.

മഥുരയില്‍ കൃഷ്ണ ജന്മഭൂമി ക്ഷേത്രവും വാരാണസിയില്‍ ഗ്യാന്‍വാപി മസ്ജിദിന് പകരമായി കാശി വിശ്വനാഥ ക്ഷേത്രവും നിര്‍മിക്കുമെന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്.

ലോക്സഭയില്‍ 300 സീറ്റ് നേടിയതിന് പിന്നാലെയാണ് അയോധ്യയില്‍ ബി.ജെ.പി രാമജന്മഭൂമി ക്ഷേത്രം നിര്‍മിച്ചത്. 400 സീറ്റുകള്‍ നേടിയാല്‍ കൃഷ്ണ ജന്മഭൂമിയും ബാബ വിശ്വനാഥ് മന്ദിറും നിര്‍മിക്കുമെന്നും ഹിമന്ത റാലിയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണ കാലത്ത് പാക് അധീന കശ്മീരിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ഹിമന്ത ആരോപിച്ചു. ഇന്ത്യന്‍ പതാക കയ്യിലേന്തിയാണ് ആളുകള്‍ പാകിസ്ഥാനെതിരെ പ്രതിഷേധിക്കുന്നത്. മോദിക്ക് 400 സീറ്റ് കിട്ടിയാല്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകുമെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ആവശ്യമാണെന്നും ഹിമന്ത പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ഒരു ഭാര്യയെ അനുവദിക്കുമ്പോള്‍ മറ്റു മതസ്ഥര്‍ക്ക് എന്തുകൊണ്ടാണ് ഒന്നിലധികം വിവാഹം നടത്താന്‍ അനുമതി നല്‍കുന്നതെന്നും ഹിമന്ത ചോദിക്കുകയുണ്ടായി.

ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത നിയമങ്ങള്‍ ഒരു പൊതു കോഡിന്റെ പരിധിയില്‍ വരുന്നതാണ് നല്ലതെന്നും ഹിമന്ത പറഞ്ഞു. കോണ്‍ഗ്രസ് ശരിയത്ത് നിയമത്തെയും മുസ്‌ലിം സംവരണത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്നും ഹിമന്ത പറയുകയുണ്ടായി.

മതേതരത്വത്തെ കുറിച്ച് കോണ്‍ഗ്രസ് സംസാരിക്കാറുണ്ടെങ്കിലും ഭരണഘടനയുടെ ഒറിജിനല്‍ ഡ്രാഫ്റ്റില്‍ മതേതരത്വം എന്ന പദം പരാമര്‍ശിച്ചിട്ടില്ലെന്നും ഹിമന്ത പറഞ്ഞു. ഭരണഘടനയെ നേര്‍പ്പിച്ചത് കോണ്‍ഗ്രസാണ്, ബി.ജെ.പിയല്ലെന്നും ഹിമന്ത ആരോപിച്ചു

Content Highlight: Himanta said that if BJP wins 400 seats, Kashi Vishwanath Temple will be built instead of Gyanvapi Masjid