| Wednesday, 24th January 2024, 10:00 pm

കലാപത്തിന് പ്രേരണ നല്‍കി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് ഹിമന്ത ബിശ്വ ശര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പുര്‍: സംസ്ഥാനത്ത് അക്രമത്തിന് പ്രേരണ നല്‍കിയെന്ന് ആരോപിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

ആക്രമത്തിന് പ്രേരിപ്പിച്ചതില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും തുടര്‍ന്ന് തെരഞ്ഞെടുപ്പിന് ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യുമെന്നും സിബ്‌സാഗര്‍ ജില്ലയിലെ നസീറയില്‍ നടന്ന ഒരു പരിപാടിക്കിടെ ശര്‍മ പറഞ്ഞു.

എസ്.ഐ.ടി മുഖേനയുള്ള സമഗ്രമായ അന്വേഷണത്തിനായി കേസ് അസം സി.ഐ.ഡിക്ക് കൈമാറിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ജി.പി. സിങ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ കൂടാതെ ചൊവ്വാഴ്ച സംസ്ഥാനത്ത് നടന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്ത മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പൊലീസ് സ്വമേധയാ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധമായ സംഘം ചേരല്‍, കലാപം, ആക്രമണം, ക്രിമിനല്‍ ബലപ്രയോഗം എന്നീ വകുപ്പുകളാണ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐ.പി.സി പ്രകാരം പൊതുസ്വത്തും മറ്റും നശിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള വകുപ്പുകളൂം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിയില്‍ ഗുവാഹത്തി നഗരത്തില്‍ പ്രവേശിക്കാനുള്ള ശ്രമത്തിനിടെ ബാരിക്കേഡുകള്‍ തകര്‍ത്ത് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ ഹിമന്ത ശര്‍മ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്.

അനുയായികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അസം പ്രതിപക്ഷ നേതാവായ ദേബബ്രത സൈകിയക്കും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ ഭൂപന്‍ ബോറയ്ക്കും നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.

Content Highlight: Himanta Biswa Sharma says that Rahul Gandhi will be arrested after the Lok Sabha elections

We use cookies to give you the best possible experience. Learn more