രാഹുല്‍ എവിടെ ക്യാംപെയ്ന്‍ നടത്തിയാലും അവിടെ ബി.ജെ.പി ജയിക്കും, ഇതിനാല്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്: അസം മുഖ്യമന്ത്രി
national news
രാഹുല്‍ എവിടെ ക്യാംപെയ്ന്‍ നടത്തിയാലും അവിടെ ബി.ജെ.പി ജയിക്കും, ഇതിനാല്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്: അസം മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th January 2024, 4:47 pm

ദിസ്പൂര്‍: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി സഞ്ചരിച്ച എല്ലാ മണ്ഡലത്തിലും ബി.ജെ.പി ജയിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിന്ത ബിശ്വ ശര്‍മ. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി അസമില്‍ പര്യടനം നടത്തിയത് സാമൂഹിക സ്പര്‍ധയുണ്ടാക്കാന്‍ വേണ്ടിയാണെന്നും ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു.

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്ര നടത്തിയ എല്ലാ സ്ഥലങ്ങലളിലും ബി.ജെ.പി ജയിക്കുമെന്നും ശര്‍മ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘രാഹുല്‍ ഗാന്ധി എവിടെയെല്ലാം ക്യാംപെയ്ന്‍ ചെയ്താലും അവിടെയെല്ലാം ബി.ജെ.പി ഉറപ്പായും വിജയിക്കും. ഇക്കാരണം കൊണ്ടുതന്നെ അദ്ദേഹത്തെ ബി.ജെ.പിക്ക് ആവശ്യമുണ്ട്.

‘അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്ന ദിവസം നൂനപക്ഷ മേഖലയായ നാഗവോണ്‍, മോറിഗാവ് ജില്ലകളിലൂടെ രാഹുല്‍ ഗാന്ധി കടന്നുപോയത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനാണ്,’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അക്രമത്തിന് പ്രേരണ നല്‍കിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അറസ്റ്റ് ചെയ്യുമെന്ന് ഹിമന്ത ബിശ്വ ശര്‍മ വീണ്ടും ആവര്‍ത്തിച്ചു.

ആക്രമത്തിന് പ്രേരിപ്പിച്ചതില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും തുടര്‍ന്ന് തെരഞ്ഞെടുപ്പിന് ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യുമെന്നും കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ ശര്‍മ പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിയെ കൂടാതെ ചൊവ്വാഴ്ച സംസ്ഥാനത്ത് നടന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്ത മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പൊലീസ് സ്വമേധയാ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധമായ സംഘം ചേരല്‍, കലാപം, ആക്രമണം, ക്രിമിനല്‍ ബലപ്രയോഗം എന്നീ വകുപ്പുകളാണ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഐ.പി.സി പ്രകാരം പൊതുസ്വത്തും മറ്റും നശിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള വകുപ്പുകളൂം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിയില്‍ ഗുവാഹത്തി നഗരത്തില്‍ പ്രവേശിക്കാനുള്ള ശ്രമത്തിനിടെ ബാരിക്കേഡുകള്‍ തകര്‍ത്ത് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ ഹിമന്ത ശര്‍മ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്.

എസ്.ഐ.ടി മുഖേനയുള്ള സമഗ്രമായ അന്വേഷണത്തിനായി കേസ് അസം സി.ഐ.ഡിക്ക് കൈമാറിയതായു ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ജി.പി. സിങ് പറഞ്ഞു.

 

Content Highlight: Himanta Biswa Sharma says BJP to win all seats covered by Rahul during Yatra in Assam