ഗുവാഹത്തി: മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങള്‍ക്ക് കാരണം സംസ്ഥാനത്തെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തെറ്റായ രാഷ്ട്രീയ സമീപനങ്ങളാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മണിപ്പൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസിപ്പോള്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തും കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ മണിപ്പൂര്‍ പ്രക്ഷുബ്ധമായിരുന്നു. ആ സമയം കോണഗ്രസ് നേതാക്കള്‍ക്ക് മണിപ്പൂരിനെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ലെന്നും ട്വീറ്റിലൂടെ അദ്ദേഹം പറഞ്ഞു.
‘മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങളില്‍ കോണ്‍ഗ്രസിപ്പോള്‍ വലിയ വേദന പ്രകടിപ്പിക്കുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ രൂപീകരണ വര്‍ഷങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് ഇപ്പോഴത്തെ കലാപങ്ങളുടെ ഉത്ഭവം. ഏഴ് ദശാബ്ദക്കാലത്തെ ദുര്‍ഭരണം സൃഷ്ടിച്ച തകരാര്‍ പരിഹരിക്കാന്‍ സമയമെടുക്കും,’ ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റിലൂടെ പറഞ്ഞു.
2014 മുതല്‍ മണിപ്പൂരിന്റെ സാമൂഹിക ഘടനയില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും പതിറ്റാണ്ടുകള്‍ പഴക്കമുള്ള വംശീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘യു.പി.എ ഭരണ കാലത്ത് മണിപ്പൂര്‍ ഉപരോധ തലസ്ഥാനമായി മാറി. കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ച 2010-2017 കാലഘട്ടത്തില്‍ എല്ലാ വര്‍ഷവും 30 ദിവസം മുതല്‍ വര്‍ഷത്തില്‍ 139 ദിവസം വരെ ഉപരോധങ്ങള്‍ ഉണ്ടായിരുന്നു. 2011ല്‍ മണിപ്പൂരിലെ ഉപരോധം 120 ദിവസത്തിലധികം നീണ്ടുനിന്നു.
2004-2014 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് രാജ്യവും സംസ്ഥാനവും ഭരിക്കുമ്പോള്‍ മണിപ്പൂരില്‍ 991-ലധികം സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
എന്നാല്‍ 2014 മെയ് മുതല്‍ ഇന്നുവരെ അക്രമങ്ങള്‍ 80 ശതമാനം കുറഞ്ഞു,’ ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
അതേസമയം, മെയ് മൂന്നിന് മണിപ്പൂരില്‍ ആരംഭിച്ച കലാപത്തില്‍ ഇതുവരെ 160ല്‍ കൂടുതല്‍ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂട്ട ബലാത്സംഗ കേസുകള്‍ ഉള്‍പ്പെടെ നിരവധി അനിഷ്ടസംഭവങ്ങള്‍ ഈ കാലയളവില്‍ സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Content Highlight: Himanta Biswa Sharma attributed the communal tensions in Manipur to the wrong political approaches of the previous Congress governments