| Tuesday, 13th August 2024, 10:48 am

താഴികക്കുടമുള്ള ഗേറ്റ് ജിഹാദിന്റെ അടയാളം; മേഘാലയ സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയ്‌ക്കെതിരെ വിദ്വേഷവുമായി അസം മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: മേഘാലയയിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയ്ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. യൂണിവേഴ്‌സിറ്റി കെട്ടിടത്തിന്റെ വാസ്തുവിദ്യ ഇസ്‌ലാമിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ ‘മക്ക’യോട് സാമ്യമുള്ളതാണെന്നായിരുന്നു ഹിമന്ത പറഞ്ഞത്.

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാഭ്യാസത്തെ നശിപ്പിക്കുകയാണെന്നും താഴികക്കുടമുള്ള ഗേറ്റ് ജിഹാദിന്റെ അടയാളമാണെന്നുമായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.

ഈ മാസം ആദ്യം ഗുവാഹത്തിയിലെ വെള്ളപ്പൊക്കത്തിന് കാരണം സര്‍വകലാശാലയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടത്തിന്റെ നിര്‍മാണം മക്കയ്ക്ക് സമാനമാണെന്ന് പറഞ്ഞ് ഇദ്ദേഹം രംഗത്തെത്തുന്നത്.

യൂണിവേഴ്‌സിറ്റിയുടെ പ്രധാന ഗേറ്റിന് മുകളിലുള്ള മൂന്ന് താഴികക്കുടങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അത് മക്കയെയും മദീനയെയും പോലെയാണെന്നായിരുന്നു ഹിമന്ത അവകാശപ്പെട്ടത്.

മേഘാലയയിലെ റി-ബോയ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സര്‍വ്വകലാശാലയുടെ നിര്‍മാണത്തിന് വേണ്ടി വ്യാപകമായി മരങ്ങള്‍ വെട്ടിനശിപ്പിച്ചെന്നും ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നും ഹിമന്ത പറഞ്ഞിരുന്നു.

മഹ്ബുബുള്‍ ഹോക്ക് എന്ന ബംഗാളി മുസ്‌ലിമായ വ്യക്തിയാണ് സര്‍വകലാശാല സ്ഥാപിച്ചത്.

‘അവിടെ പഠനത്തിനായി പോകുന്നത് ലജ്ജാകരമാണ്, നിങ്ങള്‍ എന്തിന് ‘മക്ക’യുടെ കീഴില്‍ പോകണം. ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നു അവിടെ നവ വൈഷ്ണവ പാരമ്പര്യത്തിന്റെ ഭാഗമായുള്ള ഒരു പ്രാര്‍ത്ഥനാലയം ഇതിന് മുന്‍പ് ഉണ്ടായിരിക്കാം. എന്തുകൊണ്ടാണ് അവര്‍ മക്കയ്ക്കും മദീനയ്ക്കു സമാനമായി ഈ താഴികക്കുടം പണിതത്. അവര്‍ ഒരു വൈഷ്ണവ ക്ഷേത്രത്തിന്റെ രൂപകല്‍പ്പന കൂടി അവിടെ കൊണ്ടുവരട്ടെ. ഒരു പള്ളി ഉണ്ടാകുകയാണെങ്കില്‍ അവിടെ ഒരു വൈഷ്ണവ രൂപവും നിര്‍മിക്കട്ടെ. എന്തിന് ഒന്നിന്റെ ചുവട്ടിലൂടെ മാത്രം നടക്കണം,’ എന്നായിരുന്നു ഹിമന്ത ചോദിച്ചത്.

മേഘാലയ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കെതിരെ വിമര്‍ശനവുമായി നേരത്തെ അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയും രംഗത്തെത്തിയിരുന്നു.

മേഘാലയ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയെ കുറിച്ച് ഞാന്‍ നേരത്തെ പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ വിമര്‍ശിച്ചു. എന്നാല്‍ ഗുവാഹത്തിയിലെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണം മേഘാലയയ്ക്കും അസമിനും ഇടയിലുള്ള ജോറാബട്ട് ആണ് എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു,’ എന്നായിരുന്നു അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞത്.

മേഘാലയയ്ക്ക് വേണ്ടിയല്ല, ഗുവാഹത്തിക്ക് വേണ്ടിയാണ് കുന്നുകള്‍ ഇടിച്ചതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മയും ആരോപിച്ചിരുന്നു. ഇത് വെള്ളപ്പൊക്ക ജിഹാദാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഗുവാഹത്തിയില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം, നഗരത്തില്‍ നിന്ന് 6-7 കിലോമീറ്റര്‍ അകലെയുള്ള മേഘാലയയിലെ ഗ്രേറ്റര്‍ ജോറാബത്ത് കുന്നുകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചിരുന്നു. യു.എസ്.ടി.എം സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വനനശീകരണമാണ് ഗുവാഹത്തിയെ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചതെന്നാണ് മനസിലായത്,’ ഹിമന്ത പറഞ്ഞു.

പിന്നീട് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ശര്‍മ്മ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ‘ആവര്‍ത്തിച്ചുള്ള അസംബന്ധങ്ങളുടെ ജിഹാദില്‍ നിന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയെ ആര്‍ക്കെങ്കിലും തടയാന്‍ കഴിയുമോ? അദ്ദേഹത്തിന്റെ പരാജയങ്ങളും കുംഭകോണങ്ങളും മറയ്ക്കാനുള്ള ശ്രമമാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍,’ എന്നായിരുന്നു അദ്ദേഹം എക്സില്‍ എഴുതിയത്.

Content Highlight: Himanta Biswa Sarma questions university’s ‘Mecca’-like gate after ‘flood jihad’ jab

We use cookies to give you the best possible experience. Learn more