[]മുംബൈ: ആഗോള താപനം ഹിമാലയത്തിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയില്‍ 40 വര്‍ഷത്തിനിടയില്‍ 13 ശതമാനത്തോളം ഹിമപാളികള്‍ ഇല്ലാതായെന്ന് കണ്ടെത്തല്‍.
ഏകദേശം 443 ബില്യണ്‍ ടണ്‍ ഐസ് പാളികള്‍ ഈ സമയത്തിനുള്ളില്‍ ഇല്ലാതായെന്നാണ് “കറന്റ് സയന്‍സ്” ല്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹിമപാളികള്‍ക്കിടയില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന ജലത്തിന്റെ അളവ് കണക്കാക്കിയാല്‍ ഈ നഷ്ടം ഗൗരവമായെടുക്കേണ്ടതാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ അനില്‍ വി. കുല്‍ക്കര്‍ണി, യോഗേഷ് കാര്യകതേ എന്നിവര്‍ പറഞ്ഞു.
11,000 സ്‌ക്വയര്‍ഫീറ്റ് കിലോമീറ്ററിനകത്തുള്ള ഹിമാലയന്‍ പാളികളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍, നിലവിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കണക്കുകള്‍, എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്.
ഹിമപാളികള്‍ ഇല്ലാതാകുന്നതിന്റെ മറ്റ് കാരണങ്ങളെക്കുറിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇത് ശാസ്ത്ര സമൂഹത്തിനും ജനങ്ങള്‍ക്കുമിടയില്‍ ആശങ്കയുണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല.
ഹിമാലയത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ ചിത്രം അവതരിപ്പിക്കുകയെന്നതാണ് ഈ പഠനത്തിന്റെ ലക്ഷ്യമെന്നും പ്രൊഫസര്‍ കുല്‍ക്കര്‍ണി പറഞ്ഞു.